തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ഓഫീസിന്റെയും ഇലക്ഷൻ മീഡിയ സെല്ലിന്റെയും ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്‌ടർ വി.ആർ കൃഷ്ണതേജ നിർവഹിച്ചു. ഇലക്ട്രോണിക്- ഓൺലൈൻ മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് അംഗീകാരം നൽകുന്നതിനും പണമോ പാരിതോഷികമോ സ്വീകരിച്ച് നൽകുന്ന വാർത്തകൾ നിരീക്ഷിക്കുന്നതിനുമായുള്ള സംവിധാനമാണിത്. ജില്ലാ കലക്‌ടർ, സബ് കലക്ടർ, സാമൂഹിക മാധ്യമ വിദഗ്‌ധ ഐ.ടി മിഷൻ എച്ച്.എസ്.ഇ ആശ പി ബേബി, മുതിർന്ന മാധ്യമപ്രവർത്തകൻ മോഹൻദാസ് പാറപ്പുറത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവരാണ് സമിതി അംഗങ്ങൾ.
സിവിൽ സ്റ്റേഷൻ ഒന്നാം നിലയിലെ 94-ാം നമ്പർ മുറിയിലാണ് എം.സി.എം.സി സജ്ജമാക്കിയിട്ടുള്ളത്. മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ഉദ്യോഗസ്ഥരും ജേർണലിസം വിദ്യാർഥികളുമടങ്ങുന്ന സംഘം രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവർത്തിക്കുക സബ് കലക്ടർ മുഹമ്മദ് ഷെഫീക്ക്, ഇലക്ഷൻ ഡെപ്യൂട്ടി കലക്‌ടർ എം. സി ജ്യോതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്കുമാർ, എം.സി.എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
എം.സി.എം.സി പ്രവർത്തനം
പെയ്‌ഡ് ന്യൂസ്, ഏകപക്ഷീയ വാർത്തകൾ, മുൻകൂർ അനുമതിയില്ലാതെയുള്ള പരസ്യ പ്രസിദ്ധീകരണം, സംപ്രേഷണം എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കുക, ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് കണക്കിൽ ഉൾപ്പെടുത്തുക, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ നൽകാനുള്ള രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നൽകുക, പോസ്റ്റർ, ഹാൻഡ്ബിൽസ് തുടങ്ങിയവയിൽ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ ചുമതലകൾ. പത്രങ്ങൾ, ടെലിവിഷൻ, ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, റേഡിയോ, സാമൂഹ്യമാധ്യമങ്ങൾ, എസ്.എം.എസ്/ വോയിസ് മെസേജസ്, തീയറ്ററുകൾ ഉൾപ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമ സങ്കേതങ്ങൾ, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദർശനം, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകൾ, സാമൂഹിക മാധ്യങ്ങൾ, വെബ്സൈറ്റുകൾ തുടങ്ങിയവയിലെ പരസ്യങ്ങൾക്കെല്ലാം മുൻകൂർ അനുമതി തേടിയിരിക്കണം.
ഇതര രാജ്യങ്ങളെക്കുറിച്ചുള്ള വിമർശനം, ഏതെങ്കിലും മതം, സമുദായം എന്നിവയ്ക്കെതിരെയുള്ള ആക്രമണം, അപകീർത്തികരവും അശ്ലീലവുമായ പരാമർശം, അക്രമം പ്രോത്സാഹിപ്പിക്കൽ, കോടതിയലക്ഷ്യം, പ്രസിഡൻ്റ്, ജുഡീഷ്യറി എന്നിവയുടെ വിശ്വാസ്യതയെ പരാമർശിക്കൽ, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, എന്നിവയ്ക്കെതിരെയുള്ളതും, ഏതെങ്കിലും വ്യക്തിയെ പേരു പറഞ്ഞു വിമർശിക്കുന്ന പരസ്യങ്ങൾ തുടങ്ങിയവ അനുവദിക്കില്ല. ആരാധനാലയങ്ങളുടെ ചിത്രങ്ങൾ, അടയാളങ്ങൾ, പ്രതീകങ്ങൾ എന്നിവ സമൂഹമാധ്യമ പോസ്റ്റുകളിലും പ്രചാരണ ഗാനങ്ങളിലും ഉൾപ്പെടുത്തരുത്. പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഫോട്ടോ, ഏതെങ്കിലും നേതാവിന്റെയോ പ്രവർത്തകരുടെയോ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന വിവരങ്ങൾ, സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ സംബന്ധിച്ച വിമർശനങ്ങൾ തുടങ്ങിയവയും ഉപയോഗിക്കരുത്.
അപേക്ഷ നിശ്ചിത ഫോമിൽ
അംഗീകൃത പാർട്ടികളുടെ സ്ഥാനാർഥികളും പ്രതിനിധികളും പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് മൂന്നു ദിവസം മുൻപെങ്കിലും നിശ്ചിത ഫോമിൽ എം.സി.എം.സി സെല്ലിൽ അപേക്ഷ സമർപ്പിക്കണം. രജിസ്റ്റർ ചെയ്യാത്ത പാർട്ടികളോ വ്യക്തികളോ ആണെങ്കിൽ ഏഴു ദിവസം മുൻപ് അപേക്ഷ നൽകണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ആയശ കുറിപ്പും (ട്രാൻസ്ക്രിപ്റ്റും) സമർപ്പിക്കണം. പരസ്യത്തിന്റെ നിർമാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കണം. പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള പണം ചെക്ക്/ ഡിമാന്റ് ഡ്രാഫ്റ്റ് ആയേ നൽകൂവെന്ന പ്രസ്താവനയും അനുബന്ധമായി ഉൾപ്പെടുത്തണം.