പട്ടിക്കാട് : മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ കല്ലിടുക്കിലെ നിർദ്ദിഷ്ട അടിപ്പാതക്ക് ദേശീയപാത അതോറിറ്റി നിർദ്ദേശിച്ച ഉയരം അശാസ്ത്രീയമാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത്. നാലു മീറ്റർ ഉയരത്തിലുള്ള അടിപ്പാതയാണ് ദേശീയപാത അതോറിറ്റി മേഖലയിൽ അനുവദിച്ചത്. എന്നാൽ ദേശീയപാത മുറിച്ചു കടന്ന് ബസ് സർവീസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉള്ളതുകൊണ്ട് അനുവദിച്ച അടിപ്പാത അഞ്ചര മീറ്റർ അല്ലെങ്കിൽ 7 മീറ്റർ ഉയരത്തിൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇക്കാര്യം ഉന്നയിച്ച് കല്ലിടുക്ക് ജനകീയസമിതിയും നാട്ടുകാരും പരാതി നൽകിയതിനെ തുടർന്ന് തൃശ്ശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്‌ജുമായ സരിത രവീന്ദ്രൻ സ്ഥലം സന്ദർശിച്ചു. നാട്ടുകാരുടെ ആവശ്യം ന്യായമാണെന്നും വിഷയം ദേശീയ പാത അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്താമെന്നും നിയമ സേവന അതോറിറ്റി അറിയിച്ചു. സബ് ജഡ്ജിനൊപ്പം അഡ്വ. വിനീത തമ്പി, കല്ലിടുക്ക് ജനകീയ സമിതി പ്രസിഡന്റ് സുഭാഷ്കുമാർ, സെക്രട്ടറി ബെന്നി കൊടിയാട്ടിൽ, ട്രഷറർ അജു തോമസ്, സംഘടനയുടെ രക്ഷാധികാരികൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.