ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന ഹൈവേയിലെ മന്ദഗതിയിലുള്ള കോൺക്രീറ്റ് പണി എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂർ – തൃശ്ശൂർ പാസഞ്ചേഴ്സ് ഫോറം ഭാരവാഹികൾ അഡ്വ വി ആർ സുനിൽകുമാർ എം എൽ എയ്ക്ക് നിവേദനം നൽകി. മൊത്തം 35 കിലോമീറ്റർ പണി നടത്തുവാനാണ് കരാർ എന്നാണ് വിവരാവകാശ നിയമ പ്രകാരം മറുപടി ലഭിച്ചത്. എന്നാൽ കേവലം 11 കിലോമീറ്റർ മാത്രമാണ് ഇതു വരെ പണി പൂർത്തിയായിട്ടുള്ളത്. പണിയുടെ കാലാവധി 2024 ഫെബ്രുവരിയിൽ അവസാനിക്കുകയും ചെയ്തു. പല സ്ഥലത്തും റോഡ് പണി പൂർത്തിയാകാത്തത് കാരണം നിരന്തരം അപകടങ്ങൾ സംഭവിക്കുന്നു. പല ദിശയിൽ കൂടി വാഹനങ്ങൾ കടത്തി വിടുന്നത് മൂലം യാത്രാദുരിതവും കൂടിക്കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് പി എ സീതി മാസ്റ്റർ, പി കെ എം അഷ്റഫ്, അഡ്വ ഷാനവാസ് കാട്ടകത്ത്, സി എസ് തിലകൻ, കെ ടി സുബ്രഹ്മണ്യൻ, പി കെ ജസീൽ, സുലൈമാൻ കരിപ്പാക്കുളം എന്നിവരുടെ നേതൃത്വത്തിൽ എം എൽ എയ്ക്ക് നിവേദനം നൽകിയത്.
കൊടുങ്ങല്ലൂർ- തൃശൂർ സംസ്ഥാനപാത: എംഎൽഎക്ക് നിവേദനം നൽകി

- Advertisement -