കൊടുങ്ങല്ലൂർ ഭരണി; കോഴിക്കല്ല് മൂടൽ വ്യാഴാഴ്‌ച

Written by Taniniram1

Published on:

കൊടുങ്ങല്ലൂർ(KODUNGALLUR) : ശ്രീകുരുംബ (SREE KURUMBA) ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള കോഴിക്കല്ല് മൂടൽ ചടങ്ങ് വ്യാഴാഴ്ച നടക്കും. മീന മാസത്തിലെ തിരുവോണനാളിൽ രാവിലെ 11ന് ഉച്ചപൂജയ്ക്കു ശേഷം പാരമ്പര്യ അവകാശികളായ വടക്കേ മലബാറിൽ നിന്നുള്ള തച്ചോളി തറവാട്ടുകാരും കൊടുങ്ങല്ലൂർ ഭഗവതി വീട്ടുകാരും ചേർന്നു ചടങ്ങുകൾ നിറവേറ്റും. ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ദീപ സ്‌തംഭത്തിനു താഴെയുള്ള രണ്ടു കല്ലുകൾ സമീപത്തു കുഴിയെടുത്തു മൂടി മണൽത്തിട്ട രൂപപ്പെടുത്തി അതിൽ ചുമന്ന പട്ടു വിരിച്ചു കോഴിക്കല്ലിൽ സമർപ്പിക്കുന്നതാണ് കോഴിക്കല്ല് മൂടൽ ചടങ്ങ്. ഭരണി ആഘോഷത്തിൻറെ പ്രധാന ചടങ്ങുകളിലൊന്നാണ് കോഴിക്കല്ല് മൂടൽ(KOZHIKALLU MOODAL). കാളീ – ദാരിക യുദ്ധം തുടങ്ങിയതിനെ ആണ് കോഴിക്കല്ല് മൂടൽ ചടങ്ങ് എന്നാണ് വിശ്വാസം.

രാവിലെ ഭഗവതി വീട്ടിലെ കാരണവർ കോഴിക്കല്ല് മൂടിയതിനു ശേഷം ‘തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ടോ’ എന്നു മൂന്നു വട്ടം വിളിച്ചു ചോദിക്കും. ഈ സമയം ക്ഷേത്രക്കുളത്തിൽ കുളിച്ചു ഈറനോടെ എത്തുന്ന തച്ചോളി തറവാട്ടിലെ സംഘം ‘തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ട്’ എന്നു മൂന്നു വട്ടം അറിയിക്കും. തുടർന്നു കോഴിക്കല്ലിൽ കോഴിയെ സമർപ്പിക്കും. എടമുക്ക് മൂപ്പന്മാർ ക്ഷേത്രത്തിലെ ആൽമരങ്ങളിലും നടപന്തലിലും വേണാടൻ കൊടികൾ ഉയർത്തും. ഇതോടെ ക്ഷേത്ര നടയിൽ ദേവീ സ്തുതികൾ ഉയരും.

ജന്തുബലി നിലവിലുണ്ടായിരുന്ന കാലഘട്ടത്തിൽ കോഴിയെ വെട്ടിയിരുന്നതാണ് കോഴിക്കല്ലുകൾ. ജന്തുബലി നിയമം മൂലം നിരോധിച്ചതോടെ കോഴിവെട്ടു നിർത്തി. പിന്നീട് കോഴിയെ സമർപ്പിക്കുന്നതാണ് ചടങ്ങ്. കോഴിക്കല്ലു മൂടിക്കഴിഞ്ഞാൽ ക്ഷേത്രത്തിലേക്ക് ഭക്ത‌രുടെ പ്രവാഹമായിരിക്കും. മുളന്തണ്ടിൽ താളമിട്ടു എത്തുന്ന വിശ്വാസികളും ഇരുമുടി കെട്ടുമായി എത്തുന്ന സംഘവും ദേവിക്ക് വഴിപാട് സമർപ്പണം നടത്തും. പള്ളിവാളേന്തി ഉറഞ്ഞു തുള്ളുന്ന കോമരക്കൂട്ടങ്ങളും അമ്മേ ശരണം, ദേവീ ശരണം വിളികളും ദേവീ സ്തുതികളുമായി ക്ഷേത്രാങ്കണത്തിൽ തമ്പടിക്കുന്ന ഭക്തരും ഭരണി ഉത്സവത്തെ ധന്യമാക്കും. ഏപ്രിൽ 9നാണ് പ്രസിദ്ധമായ കാവുതീണ്ടൽ. 10ന് ഭരണിയും.

See also  ആവേശവും ആരവവുമായി പര്യടനത്തിലൂടെ വി.എസ് സുനിൽകുമാർ

Leave a Comment