Wednesday, April 2, 2025

എൽഡിഎഫിന് നിലപാടിന്റെ കരുത്ത് കേരളം പിടിക്കും : പ്രകാശ് കാരാട്ട്

Must read

- Advertisement -

കൊടുങ്ങല്ലൂർ : ലോക്‌സഭ തെരഞെടുപ്പിൽ കേരളം ഇടതുപക്ഷം തൂത്തുവാരുമെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. എൽ ഡി എഫ് എസ് എൻ പുരം പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലപാടിലെ കരുത്താണ് വിജയത്തിനാധാരം. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ കോൺഗ്രസ് ഇരുട്ടിൽ തപ്പുകയാണ്. ജയ് ശ്രീരാം വിളിച്ച് ബി ജെ പി പ്രചാരണം നടത്തുമ്പോൾ ജയ് ഹനുമാൻ വിളിച്ചാണ് കോൺഗ്രസിൻ്റെ പ്രചാരണം. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ചോദിച്ചാൽ കോൺഗ്രസിൻ്റെ അഖിലേന്ത്യാ പ്രസിഡണ്ടു വരെ തടിതപ്പുകയാണ്. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരാക്കി അവരുടെ ജീവിതോപാധികൾ ഇല്ലാതാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.

ഗുരുതരമായ ഈ പ്രശ്നത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാമെന്നാണോ കോൺഗ്രസ് കരുതുന്നത്. രാജ്യത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ സർവ്വ ആയുധങ്ങളുമെടുത്ത് ബി ജെ പി പ്രവർത്തിക്കുമ്പോൾ മൃദു ഹിന്ദുത്വം കൊണ്ട് പ്രതിരോധിക്കാനാകുമോ. എന്തു വിലകൊടുത്തും ബി ജെ പി സർക്കാരിനെ താഴെയിറക്കണം. അതിന് ജനാധിപത്യ മതേതര സംസ്കാരം ശക്തിപ്പെടുത്തുന്ന നിലപാടുകളാണ് സ്വീകരിക്കേണ്ടത്. രാജ്യത്തെ ബാധിക്കുന്ന രണ്ട് പ്രധാന വിഷയങ്ങളാണ് തൊഴിലില്ലായ്മയും വില കയറ്റവും കേന്ദ്ര സർക്കാരിൽ 10 ലക്ഷം ഒഴിവുകളാണ് നികത്താനുള്ളത്. ഒരു നടപടിയുമില്ല. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേലുള്ള നികുതി കുറച്ചാൽ വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയും. എന്നാൽ കോർപറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. വിലക്കയറ്റവും, തൊഴിലില്ലായ്മയും പരിഹരിക്കാനുള്ള ബദൽ നയങ്ങളാണ് ഇടതുപക്ഷത്തിൻ്റെ പ്രകടനപത്രികയിലുള്ളത്.

എന്നാൽ ബി ജെ പി യുടെ പ്രകടനപത്രികയിൽ ഇതിനെ കുറിച്ച് ഒരു വരി പോലുമില്ല. വിവിധ സംസ്ഥാനങ്ങൾ ചേർന്ന യൂണിയനാണ് ഇന്ത്യ. എന്നാൽ സമ്പത്തിൻ്റെ വിഹിതം നൽകാതെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ തകർക്കുകയാണ്. ഇതിനായി കേന്ദ്ര ഏജൻസികളെയും ഉപയോഗിക്കുന്നു. ഗവർണർമാരെയും ആയുധമാക്കുന്നു. ഇതിനെതിരെ പൊരുതാൻ പാർലമെണ്ടിൽ ഇടതുപക്ഷത്തിൻ്റെ കരുത്ത് വർദ്ധിക്കണം. മതേതര സർക്കാർ രൂപീകരിക്കാൻ സാധിച്ചാൽ നയ രൂപീകരണത്തിൽ ഇടത് പക്ഷത്തിന് പ്രധാന പങ്കു വഹിക്കാൻ കഴിയും. ഒന്നാം യു പി എ സർക്കാർ നടപ്പാക്കിയ ജനകീയ പദ്ധതികളുടെ പ്രേരകശക്തി ഇടതുപക്ഷമാണ്. കേരളത്തിൽ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിച്ച ഇടത്പക്ഷത്തിനെതിരെ പ്രതികാര നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. കോൺഗ്രസും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും, പൗരത്വ ഭേദഗതി നിയമമുൾപ്പെടെ ജനവിരുദ്ധ നിയമങ്ങൾക്കെതിരെ പോരാടാനും ഇടതുപക്ഷമാണുള്ളതെന്ന് ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞെന്നും പ്രകാശ് കരാട്ട് പറഞ്ഞു. സി എൻ സതീഷ് കുമാർ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ യു പി ജോസഫ്, കെ കെ അഷറഫ്, പി കെ ചന്ദ്രശേഖരൻ, ഇ ടി ടൈസൺ എം എൽ എ , പി എം അഹമ്മദ്, കെ വി രാജേഷ്, ടി പി രഘുനാഥ്, വേണു വെണ്ണറ, കെ.ആർ.ജൈത്രൻ, എ പി ജയൻ, ടി കെ രമേഷ് ബാബു, കെ.കെ അബീദലി, ടി എൻ ഹനോയ്, അഡ്വ എ ഡി സുദർശനൻ, മുഹമ്മദ് ചാമക്കാല, ഹൈദ്രോസ്’, ബി എ ഗോപി എന്നിവർ സംസാരിച്ചു.

See also  ലോകത്തെ വിസ്മയിപ്പിച്ച 'ടാർസൻ' നടൻ അന്തരിച്ചു…

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article