പുന്നയൂർക്കുളം : സമസ്ത മേഖലയിലും വികസനം കാഴ്‌ചവെച്ച കേരളം മാലിന്യ സംസ്‌കരണത്തിൽ ഇനിയും മുന്നേറേണ്ടതുണ്ടെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്.തൃപ്പറ്റിൽ നിർമ്മിച്ച ഹെൽത്ത് കോംപ്ലക്സും ഷീ ഫിറ്റ്നസ് സെന്ററും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പൂർണ്ണ മാലിന്യ മുക്ത ഇടമായി കേരളം മാറണമെന്നും മന്ത്രി പറഞ്ഞു. ജീവിത ശൈലീ രോഗമാണ് പൊതുജനാരോഗ്യം നേരിടുന്ന വലിയ മറ്റൊരു വെല്ലുവിളി. ഇതിനെ നേരിടാൻ ഫിറ്റ്നസ് സെന്ററുകൾ ഉപകാരപ്രദമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ എൻ.കെ. അക്ബർ എം എൽ എ അധ്യക്ഷനായി. കോസ്റ്റ് ഫോർഡ് കോർഡിനേറ്റർ കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്‌മിൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗ്രീഷ്‌മ ഷനോജ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മൂസ ആലത്തയിൽ, ബിന്ദു ടീച്ചർ, പി എ യു പ്രോജക്ട് ഡയറക്‌ടർ ടി.ജി അഭിജിത്, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, ത്രിതല പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നാഷണൽ റർബൺ മിഷനും പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തും ചേർന്ന് 1.13 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 6018.58 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ രണ്ട് നിലകളുള്ള കെട്ടിടത്തിൽ താഴെ നിലയിൽ ആയുർവേദം, യുനാനി സിദ്ധ, ഹോമിയോ ചികിത്സാ സൗകര്യങ്ങളും മുകൾ നിലയിൽ സ്ത്രീകൾക്കായി ഫിറ്റ്നസ് സെൻ്ർ, യോഗ പരിശീലന കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്. തൃശൂർ കോസ്റ്റ് ഫോർഡിനായിരുന്നു നിർമാണ ചുമതല. ആരോഗ്യ മേഖലയിൽ മികവാർന്ന പ്രവർത്തനത്തിലൂടെ ആർദ്രം പുരസ്കാരം കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്ത് കൂടിയാണ് പുന്നയൂർക്കുളം.