അതിരപ്പിള്ളിയിൽ കാട്ടാനയെ അവശനിലയിലാക്കിയത് കാർഷിക വിളകളിലെ വിഷബാധയെന്ന് സംശയം; ആനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല, വിദഗ്ദ ചികിത്സക്ക് വനംവകുപ്പ്

Written by Taniniram1

Published on:

അതിരപ്പിള്ളി : വനമേഖലയോട് ചേർന്ന തോട്ടത്തിൽ കാട്ടാന ഗണപതിയെ അവശനിലയിലാക്കിയത് കാർഷിക വിളകളിലെ വിഷബാധയെന്ന് സംശയം. ആനയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞതോടെ ചികിത്സയൊരുക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. അതിരപ്പിള്ളി പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് അവശനിലയിലായ കൊമ്പനെ കണ്ടത്. കുറച്ച് നാളുകളായി ആന പ്രദേശത്തെ കൃഷിയിടങ്ങളിലിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവായിരുന്നു. ആനയുടെ ശല്യം ഒഴിവാക്കാൻ കാർഷിക വിളകളിൽ വിഷംവച്ചത് കഴിച്ചത് മൂലമാണോ ആന അവശനിലയിലായതെന്ന് സംശയമുണ്ട്.

ആന എണ്ണപ്പന തോട്ടത്തിൽ തന്നെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കണ്ട സ്ഥലത്ത് നിന്നും അല്പം മാറിയാണ് ഇപ്പോൾ
ആനയുള്ളത്. സ്ഥിരമായി ജനവാസ മേഖലയിലേക്കെത്തുന്നതിനെ തുടർന്ന് പ്രദേശവാസികൾ ഗണപതി എന്ന് വിളിക്കുന്ന ആന തന്നെയാണിതെന്നാണ് കരുതുന്നത്. തൃശൂരിൽ നിന്നും കോടനാടിൽ നിന്നും വെറ്ററിനറി ഡോക്ടർമാർ സ്ഥലത്തെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും ആനയെ നിരീക്ഷിക്കുന്നുണ്ട്. ആർ.ആർ.ടി സംഘവും സജ്ജമാണ്. പ്രാഥമിക നിരീക്ഷണത്തിൽ ആനയ്ക്ക് ചികിത്സ ആവശ്യമാണെന്നാണ്നിഗമനം. ആരോഗ്യസ്ഥിതി കൂടുതൽ മോശമായാൽ അടിയന്തര ചികിത്സ നല്കാനുള്ള തയാറെടുപ്പും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുഴയിൽനിന്നും കയറിവന്ന ആനയ്ക്ക് നടക്കാനാകാതെ പ്ലാന്റേഷൻ തോട്ടത്തിൽ കിടക്കുന്നത് കണ്ട പ്രദേശവാസികളാണ് സംഭവം ആദ്യമറിയുന്നത്. പ്രദേശവാസികളുടെ ബഹളംകേട്ട് ആന കുറച്ചുദൂരം നടന്നെങ്കിലും വീണ്ടും കിടന്നു. പന്തികേട് തോന്നിയ നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. അടുത്ത ദിവസവും ആനയുടെ നിലയിൽ മാറ്റമില്ലെങ്കിൽ ചികിത്സാ സൗകര്യമൊരുക്കാനാണ് പദ്ധതി.

Related News

Related News

Leave a Comment