ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്

Written by Taniniram1

Published on:

തൃശ്ശൂർ : സി.പി.എം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി. സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യയിൽ ഇന്നലെ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയിരുന്നു. സി.പി.എം. തൃശ്ശൂർ ജില്ലാ സെക്രട്ടറിയെ ഇ.ഡിയും ആദായനികുതി വകുപ്പും എറണാകുളത്ത് ചോദ്യംചെയ്തതിന് സമാന്തരമായിട്ടായിരുന്നു റെയ്‌ഡ്. ഈ ബാങ്കിലെ ഒരു അക്കൗണ്ടിൽ പാർട്ടി വെളിപ്പെടുത്താത്ത 3.8 കോടി ഉണ്ടെന്നാണ് ആദായനികുതി വകുപ്പിന് കിട്ടിയ വിവരം.

ഈ തുക പലതവണ അക്കൗണ്ടിലേക്ക് വരുകയും പോകുകയും ചെയ്‌തിട്ടുണ്ട്. ആദായനികുതി വകുപ്പിൻ്റെ തൃശ്ശൂർ യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12-ന് ആരംഭിച്ച പരിശോധന രാത്രിവരെ തുടർന്നു. പരിശോധനാ സമയത്ത് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെ പുറത്തുപോകാൻ ആനുവദിച്ചിരുന്നില്ല. എറണാകുളത്ത് ഇ.ഡി.യുടെ മൊഴിയെടുപ്പിന് ശേഷമായിരുന്നു ആദായനികുതി ഉദ്യോഗസ്ഥർ സി.പി.എം. തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിൽനിന്ന് മൊഴി ശേഖരിച്ച് തുടങ്ങിയത്.

ഈ അക്കൗണ്ട് വിവരങ്ങൾ ആദായനികുതി റിട്ടേണിൽ ഉൾപ്പെടാതിരുന്നതിനെക്കുറിച്ച് എം.എം. വർഗീസിന്റെ മറുപടി തൃപ്തികരമല്ലെന്ന നിലയിലാണ് സംഘം ഇന്നലെ മടങ്ങിയത്. പാർട്ടിയും പാർട്ടിയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ജില്ലാ സെക്രട്ടറിയും അക്കൗണ്ടിലെ ഇത്ര വലിയ തുക ഇതേവരെ കണക്കിൽ കാണിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു.

കരുവന്നൂർ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെന്റ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിശദമായ അന്വേഷണം നടത്തിവരികയാണ്. കരുവന്നൂരിൽ അഞ്ച് രഹസ്യ അക്കൗണ്ടുകൾ സി.പി.എമ്മിന് ഉണ്ടെന്ന് ഇ.ഡി. പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം ഇ.ഡി. ആർ.ബി.ഐക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നൽകിയിരുന്നു.

See also  ഇന്ന് എരുമേലി പേട്ട തുള്ളൽ

Leave a Comment