ന്യൂനമർദ്ദം ; തെക്കൻ കേരളത്തിൽ നാലുദിവസം മഴ

Written by Taniniram Desk

Updated on:

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ജനുവരി നാല് വരെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഭൂമദ്ധ്യ രേഖയ്ക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാ സമുദ്രത്തിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നു.

അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തെക്കൻ അറബിക്കടലിൽ മദ്ധ്യഭാഗത്തായി ശക്തി പ്രാപിച്ച് ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ ജനുവരി നാല് വരെ തെക്കൻ കേരളത്തിൽ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇന്ന് കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിലും ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ അറബിക്കടലിന്റെ മദ്ധ്യഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.

02.01.2024 മുതൽ 03.01.2024 വരെ: കന്യാകുമാരി തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത. മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Comment