സ്ഥാനാര്‍ഥികളുമായുള്ള നേര്‍ക്കാഴ്ച: സുനില്‍കുമാറും മുരളീധരനും പങ്കെടുത്തു സുരേഷ് ഗോപി എത്തിയില്ല

Written by Taniniram1

Published on:

തൃശൂര്‍ : നഗരത്തിന്റെ വികസനം, വ്യാപാരി-വ്യവസായികളുടെ പ്രശ്‌നങ്ങള്‍, തൃശൂര്‍ പൂരം തുടങ്ങിയ വിഷയങ്ങളില്‍ സ്ഥാനാര്‍ഥികളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ലക്ഷ്യമാക്കി തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച സ്ഥാനാര്‍ഥികളുമായുള്ള നേര്‍ക്കാഴ്ച ക്രിയാത്മകമായി. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന മൂന്നു മുന്നണികളുടെ സ്ഥാനാര്‍ഥികളെയാണ് ക്ഷണിച്ചതെങ്കിലും എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി പങ്കെടുത്തില്ല. പങ്കെടുത്ത എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറും യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരനും രാഷ്ട്രീയത്തില്‍ തൊടാതെ തന്നെ തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു.

തൃശൂരുമായി ഏറെ ബന്ധമുള്ള രണ്ടുപേര്‍ക്കും നഗരത്തിന്റെയും മണ്ഡലത്തിന്റെയും കാര്യത്തില്‍ സമാനമായ നിലപാടുകളാണുണ്ടായിരുന്നത്. ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്നോട്ടുവച്ച 10 ആവശ്യങ്ങളും നിര്‍ദേശങ്ങളും ജില്ലയുടെ തന്നെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ലക്ഷ്യമിട്ടായിരുന്നു. ആവശ്യങ്ങളും നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണെന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ക്രിയാത്മകമായ ഇടപെടലും മുന്‍കൈയും ഉണ്ടാകുമെന്ന് സുനില്‍കുമാറും മുരളീധരനും വ്യക്തമാക്കി. സംവാദമല്ല പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കിയതിനാല്‍ വാദപ്രതിവാദങ്ങളിലേക്കും കടന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുള്ളതിനാല്‍ കെ. മുരളീധരന്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവച്ചതിനുശേഷം വേദി വിട്ടു. എന്നാല്‍ സുനില്‍കുമാര്‍ ചേംബര്‍ ഒരുക്കിയ ഭക്ഷണം കഴിച്ചതിനുശേഷമാണ് പോയത്. ലോക്‌സഭാമണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ ഒരു വേദിയില്‍ കൊണ്ടുവന്ന ഏക പരിപാടിയായിരുന്നു സ്ഥാനാര്‍ഥികളുമായുള്ള നേര്‍ക്കാഴ്ച. സെക്രട്ടറി ജീജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സജീവ് മഞ്ഞില സ്വാഗതവും ട്രഷറര്‍ ജോസ് കലവലക്കാട്ട് നന്ദിയും പറഞ്ഞു.

See also  മോദി = പിണറായി വിജയൻ : കെ മുരളീധരൻ

Leave a Comment