ഇരിങ്ങാലക്കുട : നഗരസഭയിൽ ജെ.സി.ഐ യുടെ നേതൃത്വത്തിൽ രണ്ട് വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന ഡ്രസ് ബാങ്ക് ഇരിങ്ങാലക്കുടയുടെ മാനവീകതയുടെ പ്രതീകമാണന്നും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നേർ കാഴ്ചയാണന്നും മനുഷ്യന്റെ ആവശ്യ വസ്തുക്കളിലൊന്നായ വസ്ത്രം ഇല്ലാതെ ആരും ബുദ്ധിമുട്ടാൻ പാടില്ല എന്ന വലിയ ആശയം നടപ്പിലാക്കുന്നത് ഒരു വലിയ പുണ്യ പ്രവർത്തിയാണന്നും ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതിവകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ഠാണ വിനടുത്ത് കോളനി റോഡിൽ കഴിഞ്ഞ 2 വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന ഡ്രസ് ബാങ്കിലേക്ക് വസ്ത്രങ്ങൾ സ്വീകരിക്കുന്നതിന്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡ്രസ് ബാങ്ക് പ്രൊജക്ട് ഡയറക്ടർ നിസാർ അഷറഫ്, കൂടൽ മാണിക്യം ദേവസ്വം മുൻ ചെയർമാൻ പ്രദീപ് മേനോൻ, ലേഡി ജേസി മുൻ ചെയർ പേഴ്സൻ നിഷിന നിസാർ, ജെ.സി.ഐ. മുൻ പ്രസിഡന്റ് ടെൽസൺ കോട്ടോളി എന്നിവർ സന്നിഹിതരായിരുന്നു. പുതുക്കാട് ലേഡി ജേസി വിങ്ങിന്റെ നേതൃത്വത്തിൽ കളക്ട് ചെയ്ത നിരവധി വസ്ത്രങ്ങൾ ഡ്രസ് ബാങ്കിലേക്ക് നൽകി. രാവിലെ 9 മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കുന്ന ഡ്രസ് ബാങ്കിൽ നിന്ന് സാധുക്കളായവർക്ക് അവരവരുടെ അളവ് നോക്കി സൗജന്യമായി വസ്ത്രങ്ങൾ എടുക്കാവുന്നതാണ് അതുപോലെ തന്നെ ഉപയോഗിക്കാൻ കഴിയാവുന്നതും പുതിയതുമായ വസ്ത്രങ്ങൾ ഡ്രസ് ബാങ്കിൽ ഏൽപ്പിക്കാവുന്നതുമാണ്. ഒരു തവണ മാത്രം ഉപയോഗിച്ച പെൺകുട്ടികളുടെ കല്യാണ ഗൗൺ തുടങ്ങി നിരവധി പുതിയ വസ്ത്രങ്ങളും ഡ്രസ് ബാങ്കിലുണ്ട്. ( ഫോൺ നമ്പർ. 7561049870 ).