കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ലോറിയിൽ കടത്തുകയായിരുന്ന നൂറ്റമ്പത് കിലോയോളം കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ഡാൻസാഫും, കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷണൽ പെർമിറ്റ് ലോറിയിൽ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ തെക്കെ നടയിലെ കുരുംബയമ്മയുടെ നടക്ക്
സമീപമാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കി രജിസ്ട്രേഷനിലുള്ള ലോറി പിടിയിലായത്. ഒഡീഷയിൽ നിന്നും നിരവധി ചെക്ക് പോസ്റ്റുകൾ കടന്നാണ് ലോറി ഇവിടെ വരെ എത്തിയത്.
റൂറൽ എസ്‌പി നവനീത് ശർമ്മക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ.മുരളീധരൻ, കൊടുങ്ങല്ലൂർ ഡി.വൈഎസ്.പി എം.സന്തോഷ് കുമാർ, ഡാൻസാഫ് എസ്.ഐമാരായ സി.ആർ പ്രദീപ്, ജയകൃഷ്ണൻ, സ്റ്റീഫൻ, സതീശൻ, ഷൈൻ, എ.എസ്.ഐ മൂസ, SCPOമാരായ സൂരജ്, ലിജു ഇയ്യാനി, എം.ജെ ബിനു, ഷിജോ, മാനുവൽ, സോണി സേവ്യർ, സി.പി.ഒ നിഷാന്ത്, സൈബർ സെൽ ഉദ്യോഗസ്ഥരായ സിൽജോ, ലാലു, കൊടുങ്ങല്ലൂർ എസ്.ഐമാരായ സജിനി, ഉണ്ണികൃഷ്ണൻ, സെബി, പ്രീജു, സി.പി.ഒ അബീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.