തൃശൂർ : ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം കൊച്ചിൻ ദേവസ്വം ബോർഡ് നടത്തുന്നതിന് സർക്കാർ തലത്തിൽ നിന്നും എല്ലാ സഹകരണവും നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിൽ ആദിശങ്കരാചാര്യർ ശ്രീ കോവിലിന്റെ ചുറ്റും തയ്യാറാക്കിയ ചുമർചിത്രത്തിന്റെ നേത്രോൻമീലന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശങ്കരാചാര്യരുടെ ജീവിത തത്വങ്ങൾ നമ്മൾ ജീവിതത്തിലേക്ക് പകർത്തുവാൻ ശ്രമിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മൂന്ന് ലക്ഷം ചെലവഴിച്ച് മൂന്നര മാസം കൊണ്ടാണ് ശങ്കരാചാര്യർ ശ്രീ കോവിലിന് ചുറ്റും ചുമർചിത്രം വരച്ച് പൂർത്തിയാക്കിയത്. ചുമർചിത്ര കലാകാരൻ ദിനേശ് പി രാമനാണ് ശങ്കരാചാര്യ ചരിത്രങ്ങൾ ചുമർചിത്ര രൂപത്തിൽ ആ ലേഖനം ചെയ്തത്. നേത്രോൻമീലനം എന്നത് ചിത്രങ്ങൾക്ക് ജീവൻവെപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇത് ചിത്രകാരൻ തന്നെ നിർവഹിക്കുകയായിരുന്നു. തൃശ്ശൂർ കെ എം പി ബിൽഡേഴ്സ് ഉടമ കെ എം പരമേശ്വരനാണ് ചുമർചിത്രം സ്പോൺസർ ചെയ്തത്. ചടങ്ങിൽ ടി ആർ ഹരിഹരൻ, ഡോക്ടർ എം കെ സുദർശൻ, എം ബി മുരളീധരൻ, പ്രേംരാജ് ചുണ്ടലത്ത്, സി അനിൽകുമാർ, ബിജു കുമാർ, കെ ടി സരിത, പി. പങ്കജാക്ഷൻ, പി ബിന്ദു എന്നിവർ സംബന്ധിച്ചു.