ഇരിങ്ങാലക്കുട : പട്ടികജാതി സമൂഹത്തോടുള്ള വിവേചനങ്ങൾ അവസാനിപ്പിക്കണമെന്ന് കെ പി എം എസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
സർക്കാർ തലങ്ങളിൽ വ്യാപകമായി പട്ടികജാതി വിഭാഗങ്ങളോടുള്ള വിവേചനങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ് വിവിധ വകുപ്പുകളിൽ നിന്നുള്ള പരാതികളും ദിനംപ്രതി ലഭിച്ചു കൊണ്ടിരിക്കുന്നു. പട്ടികജാതി വികസന വകുപ്പിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിന്യസിച്ചിട്ടുള്ള എസ് സി പ്രമോട്ടർമാർക്ക് മൂന്നുമാസമായിട്ട് ഓണറേറിയം നൽകിയിട്ടില്ല. പൊതുവേ ദരിദ്രകുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങളാണ് നാമമാത്രമായ വേതനത്തിനു വേണ്ടി എസ് സി പ്രമോട്ടറായി ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്. ഇതുമൂലം ദൈനംദിനമായ ചിലവുകൾ വഹിക്കുന്നതിന് പല പ്രമോട്ടർമാരും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇതിൻറെ ഭാഗമായി പലരും പാതിവഴിയിൽ സേവനം നിർത്തി പോകുന്നതിനായി ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പരാതികളിൽ സൂചിപ്പിക്കുന്നത്.
അതുപോലെ തന്നെ മാസങ്ങളായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പും, ലംസംഗ്രാന്റും മറ്റ് ആനുകൂല്യങ്ങളും നൽകിയിട്ടില്ല. ഇത്തരം പരാതികളിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളിൽ അന്വേഷിക്കുമ്പോൾ സർക്കാരിൽ നിന്നും പണം ലഭിച്ചിട്ടില്ല. പണം കിട്ടുന്ന മുറക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തും എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. പരാതിക്കാരന്റെ ശബ്ദം ഒന്ന് ഉയർന്നാൽ നിങ്ങൾ സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ പറഞ്ഞ് ഉദ്യോഗസ്ഥന്മാർ കയ്യൊഴിയുന്ന സമീപനമാണ് പിന്തുടരുന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഭവന നിർമ്മാണത്തിന് അനുമതി ലഭിച്ച പല കുടുംബങ്ങളും പ്രതിസന്ധിയിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി പാതിവഴിയിൽ എത്തുമ്പോഴാണ് തുടർ പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന പണം ലഭ്യമായിട്ടില്ല എന്ന മറുപടി ലഭിക്കുന്നത്. ഇതേത്തുടർന്ന് നിരവധി നിർധനരായ കുടുംബങ്ങളെയാണ് പെരുവഴിയിലേക്ക് ഇറക്കി നിർത്തിയിരിക്കുന്നത്. എന്നാൽ വ്യവസായവകുപ്പ് തദ്ദേശസ്ഥാപനങ്ങളിലേക്ക് വിന്യസിച്ചിട്ടുള്ളവർക്ക് ഓണറേറിയം കൊടുക്കുന്നതിൽ നാളിതുവരെ യാതൊരു വീഴ്ച്ചയും ഉണ്ടാക്കിയിട്ടില്ല.
ഇത്തരം വിവേചനം ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. പാവങ്ങളുടെ കണ്ണീരൊപ്പുന്നതിന് നവ കേരള യാത്ര നടത്തി ലക്ഷക്കണക്കിന് പരാതികൾവാങ്ങിക്കൂട്ടിയ ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. സെക്രട്ടറിയേറ്റ് മാർച്ചിന്റെ വിളംബരമായി ജില്ലയിലെ തെരഞ്ഞെടുത്ത 11 കേന്ദ്രങ്ങളിൽ ജനുവരി 23 ന് വിളംബര ജാഥകൾ സംഘടിപ്പിക്കുവാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. കല്ലേറ്റുംകരയിൽ ചേർന്ന യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് പി എ അജയഘോഷ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ പി എൻ സുരൻ വഹിച്ചു. പി സി രഘു, ടി കെ സുബ്രൻ, ഷാജു ഏത്താപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.