കൊടുങ്ങല്ലൂർ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി കൈക്കൊള്ളാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായി. താലപ്പൊലിയുടെ പശ്ചാത്തലത്തിൽ എത്രയും വേഗം പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തുവന്നു. കോൺഗ്രസ് പ്രവർത്തകർ സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ്സ് നടത്തി.
വാഹനങ്ങൾക്ക് കടന്നുപോകാൻ അനുബന്ധ റോഡ് ഉണ്ടാക്കിയശേഷമേ ദേശീയപാതയിൽ പണി തുടങ്ങാവൂ എന്നിരിക്കെ അതൊന്നും പാലിക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടിയാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിഷേധം യോഗം കുറ്റപ്പെടുത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു അധ്യക്ഷത വഹിച്ചു. വി.എം. ജോണി, കെ.പി. സുനിൽകുമാർ, കെ.വി. ബാലചന്ദ്രൻ, കെ.എച്ച്. വിശ്വനാഥൻ, ഡിൽഷൻ കൊട്ടെക്കാട് തുടങ്ങിയവർ സംസാരിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളമായി ബൈപാസിലെ വാഹനഗതാഗതം നിരോധിച്ച് കൊടുങ്ങല്ലൂർ നഗരത്തെ ഗതാഗതക്കുരുക്കിലെത്തിച്ച നാഷനൽ ഹൈവേ അതോറിറ്റി നടപടിക്കെതിരെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെ കൂട്ടായ പ്രതിഷേധം ഉയരണമെന്ന് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടു. രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും കുരുക്കിൽ വലയുകയാണ്. പൊതുഗതാഗതം താറുമാറാക്കുന്ന നിലപാടുകൾക്കെതിരെ ജനാധിപത്യസമൂഹം സംഘടിപ്പിക്കുന്ന ഏത് അഹിംസാത്മക പ്രതിഷേധത്തിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.