കണ്ണാറ: അന്തരിച്ച കോൺഗ്രസ് നേതാവ് റോയ്തോമസിന്റെ കുടുംബത്തിന് സുമനസ്സുകളുടെ സഹായത്താൽ വീടൊരുങ്ങി. വീട്ടിൽ നടന്ന ചടങ്ങിൽ ഐപിസി തൃശൂർ ഈസ്റ്റ് സെൻ്റർ മിനിസ്റ്റർ മാത്യു തോമസ് വീടിന്റെ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. സെന്റർ സെക്രട്ടറിയും ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ഷിജു സാമുവേൽ ഗൃഹപ്രവേശന ശുശ്രൂഷ നടത്തി. വീടുപണിയുടെ പൂർത്തീകരണം ഏറ്റെടുത്ത് നടത്തിയ മാരായ്ക്കൽ സ്വദേശിയായ ബിനോയ് കയ്യാണിക്കലിന്റെ മാതാവ് മറിയാമ്മ വീടിന്റെ താക്കോൽ റോയ് തോമസിന്റെ ഭാര്യ ആൻസിക്ക് കൈമാറി.
പാസ്റ്റർ എ.ജെ വർഗ്ഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ എ.കെ തമ്പി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, കെപിസിസി അംഗം ലീലാമ്മ തോമസ്, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ്, പഞ്ചായത്തംഗം ഷൈജു കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
ബൈക്ക് അപകടത്തിൽ മരണപ്പെട്ട റോയ് തോമസിന്റെ കുടുംബത്തിന് സഹായവുമായി നിരവധിപേരാണ് രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ ബാങ്കുകളിലായി ആകെ 5,82,725 രൂപ അടച്ച് ജപ്തി നടപടികൾ ഒഴിവാക്കി സ്ഥലത്തിന്റെ ആധാരം തിരിച്ചെടുത്ത് നൽകി. ആൽപ്പാറ ഐപിസി ഹെബ്രോൻ സഭയുടെ വകയായി 5,54,000 രൂപയും കൈമാറിയിരുന്നു. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച 1,03,500 രൂപയും സഹായനിധിയിലേക്ക് പ്രവർത്തകർ കൈമാറി. കൂടാതെ നിരവധി സുമനസുകളുടെയും സഹായത്തോടെയാണ് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
2023 ഫെബ്രുവരി 23നാണ് കണ്ണാറ മാരായ്ക്കൽ റോഡിൽ മലങ്കര ക്രിസ്ത്യൻ ചർച്ചിന് സമീപം ഉണ്ടായ സ്കൂട്ടർ അപകടത്തിൽ റോയ് തോമസ് മരണപ്പെട്ടത്