കണ്ണാറ. വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം പാണഞ്ചേരി പഞ്ചായത്തിലെ മിക്ക റോഡുകളും വൻ തകർച്ചയിലേക്ക് നീങ്ങുകയാണ്. റോഡിനടിയിലൂടെ കടന്നുപോകുന്ന കുടിവെള്ള വിതരണ പൈപ്പുകൾ തകരുന്നത് അപ്പപ്പോൾ അറ്റകുറ്റപ്പണികൾ നടത്തി ചോർച്ചയടക്കാത്തതാണ് റോഡുകളുടെ തകർച്ചയ്ക്ക് പ്രധാന കാരണം. വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതുകൊണ്ടും റോഡിലൂടെ നിരന്തരമായി ഒഴുകുന്നതുകൊണ്ടും റോഡിന്റെ ഉപരിതലം ക്രമേണ തകർന്ന് വൈകാതെ പൂർണ്ണമായ തകർച്ചയിലേക്ക് നീങ്ങും. പാണഞ്ചേരി പഞ്ചായത്തു പരിധിയിൽ തന്നെ നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തിൽ പൈപ്പു പൊട്ടി വെള്ളം ഒഴുകി റോഡ് തകർന്നിട്ടുള്ളത്. അധികൃതരാരും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല.
പാണഞ്ചേരി പഞ്ചായത്തു പരിധിയിൽ തന്നെ നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തിൽ പൈപ്പു പൊട്ടി വെള്ളം ഒഴുകി റോഡ് തകർന്നിട്ടുള്ളത്. അധികൃതരാരും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല. ഇതിൽ പലയിടത്തും ചോർച്ച തുടങ്ങിയിട്ട് മാസങ്ങളോ വർഷങ്ങളോ ആയിട്ടുണ്ട്. കുടിവെള്ളം പാഴാക്കുന്നുവെന്നു മാത്രമല്ല, മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തന്നെ നിഷേധിക്കുകയാണ് അധികൃതർ. രൂക്ഷമായ ജലക്ഷാമത്തിലേക്ക് നാട് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും പ്രതിദിനം ആയിരക്കണക്കിന് ലിറ്റർ ശുദ്ധീകരിച്ച കുടിവെള്ളമാണ് ഇങ്ങനെ പാഴാകുന്നത്. എവിടെയെങ്കിലും പൈപ്പ് പൊട്ടിയെന്നറിഞ്ഞാൽ ഉടനെ അത് ശരിയാക്കുന്ന പതിവ് വാട്ടർ അതോറിറ്റിക്ക് പണ്ടേ ഇല്ല. എന്നാൽ ഒരു മാസത്തിനകമെങ്കിലും പൈപ്പിലെ ചോർച്ച അടയ്ക്കാനുള്ള സാമാന്യ മര്യാദയും ഉത്താരവാദിത്തവും അധികൃതർക്ക് കാണിച്ചു കൂടേ എന്നാണ് ജനങ്ങളുടെ ചോദ്യം. അറ്റകുറ്റപ്പണികൾ വൈകുന്നതിൽ ജനങ്ങൾ രോഷാകുലരാണ്. ഈ ശോചനീയാവസ്ഥക്കെതിരെ ഭരണാധികാരികളോ ജനപ്രതിനിധികളോ ഒന്നും ചെയ്യുന്നില്ല.
ജൽജീവൻ മിഷൻ്റെ ഭാഗമായി പുതിയ ലൈനുകൾ നിർമ്മിച്ച് കണക്ഷൻ നൽകുന്ന തിരക്കാണ് ഇപ്പോൾ. എന്നാൽ അതോടൊപ്പം കാലഹരണപ്പെട്ട ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കണം. അടിയന്തര പ്രാധാന്യത്തോടെ ഫലപ്രദമായ രീതിയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും വേണം. പൈപ്പ് പൊട്ടി റോഡ് തകരുന്നതിൽ പൊതുമരാമത്തു വകുപ്പിനും വലിയ ആക്ഷേപമൊന്നുമില്ല എന്നു വേണം കരുതാൻ. ജനങ്ങളെ കഷ്ട്‌ടപ്പെടുത്തുന്ന കാര്യത്തിൽ ഇരു വകുപ്പുകളും മത്സരിക്കുകയാണെന്നാണ് ജനങ്ങളുടെ ആരോപണം. ജനങ്ങളെ കഷ്ട്‌ടപ്പെടുത്തുന്ന കാര്യത്തിൽ ഇരു വകുപ്പുകളും മത്സരിക്കുകയാണെന്നാണ് ജനങ്ങളുടെ ആരോപണം. തൃശൂരിലേക്ക് കുടിവെള്ളമെത്തിക്കുന്നതിൽ അധികൃതർ കാണിക്കുന്ന ആത്മാർത്ഥതയും ഉത്തരവാദിത്തവും ഗ്രാമീണ മേഖലകളിലെ കുടിവെള്ള വിതരണത്തിലും പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തിയാക്കുന്നതിലും സ്വീകരിക്കുന്നില്ലെന്ന വിമർശനവും വാട്ടർ അതോറിറ്റിക്കു നേരെയുണ്ട്.