തൃശൂർ: വാഴപ്പിണ്ടി കൊണ്ട് ബാഗ്, ചവുട്ടി, പേഴ്സ് എന്ന് തുടങ്ങി വിവിധ വസ്തുക്കൾ നിർമ്മിക്കുന്നത് കൗതുകമല്ല. എന്നാൽ റോണി ജോണിന്റെ കരവിരുതിൽ വാഴപ്പിണ്ടി കൊണ്ട് ഏറെ കൗതുകം ജനിപ്പിക്കുന്ന ആനയെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏകദേശം 12 അടി ഉയരമുള്ള ആന. വാഴപ്പിണ്ടി കൂടാതെ തെർമോക്കോളും ടിഷ്യു പേപ്പറും പ്ലാസ്റ്റർ ഓഫ് പാരീസും ചേർത്താണ് ആനയെ പൂർണ്ണരൂപത്തിൽ എത്തിച്ചത്. തൃശ്ശൂർ കാച്ചേരി കായംകുളം റോണി ജോൺ ചിത്രകാരനും ഇന്റീരിയർ ഡിസൈനറുമാണ്. ഒരു മാസത്തോളം സമയമെടുത്താണ് ആനശില്പം തീർത്തത്.
ജോലികഴിഞ്ഞ് രാത്രിയിൽ കാലങ്ങളിലാണ് ശില്പ നിർമാണത്തിന് സോണി സമയം കണ്ടെത്തിയിരുന്നത്. ആന എന്നത് തൃശ്ശൂർകാരുടെ ആത്മാവിൽ അലിഞ്ഞ വികാരമാണ്. അതുകൊണ്ടാണ് ആനയുടെ ശില്പം തന്നെ നിർമ്മിക്കാൻ റോണി തയ്യാറായത്. ഡാർക്ക് ആൻഡ് ബ്രൈറ്റ് എന്ന പേരിൽ തൃശ്ശൂരിൽ മദർ തെരേസയുടെ ചിത്രപ്രദർശനം നടത്തിയിരുന്നു. ചിത്ര കലയിലും ശില്പ കലയിലും ഒരുപോലെ പ്രാഗൽഭ്യം ഉള്ള റോണിയുടെ ചിത്രങ്ങൾക്കും ശില്പങ്ങൾക്കും വലിയ ആരാധക പിന്തുണയാണ് നാട്ടിൽ.