ചേറ്റുവ: ചേറ്റുവ ദേശീയപാത 66ൽ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പൈപ്പ് പൊട്ടൽ തുടർക്കഥയാവുന്നു. ഒരുമനയൂർ പ്രദേശത്തെ നിവാസികൾക്ക് ശുദ്ധജലം കിട്ടാത്ത അവസ്ഥയാണ്. ഇതിനെതിരെ ഒരുമനയൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി കബീർ പ്രതിഷേധിച്ചു.
വാട്ടർ അതോറിറ്റിയും ഹൈവേ ഉദ്യോഗസ്ഥരും തമ്മിലുള്ള കരാർ ഉണ്ടാക്കണമെന്നും ഒരുമനയൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കണമെന്നും ചെയർമാൻ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു. പൈപ്പ് പൊട്ടുന്ന ഭാഗത്ത് വെള്ളം കെട്ടിനിന്ന് മലിനമാകുന്നു. ഈ വെള്ളമാണ് ഒരുമനയൂർ പഞ്ചായത്തിലെ വീടുകളിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ടുവർഷമായി ഇതുതന്നെയാണ് ഈ പഞ്ചായത്തിലെ അവസ്ഥ. എത്രയും പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാവണമെന്നും ചെയർമാൻ അറിയിച്ചു.