Thursday, April 3, 2025

പട്ടയമേള നാളെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Must read

- Advertisement -

തൃശൂർ : ഈ സര്‍ക്കാര്‍ രണ്ടര വര്‍ഷം കൊണ്ട് ഒന്നര ലക്ഷം പട്ടയം എന്ന ചരിത്ര ദൗത്യം പൂര്‍ത്തീകരിക്കുകയാണ്. സംസ്ഥാന പട്ടയമേള നാളെ വൈകീട്ട് 3 മണിക്ക് തൃശൂര്‍ തെക്കിന്‍കാട് മൈതാനിയിൽ വിദ്യാര്‍ത്ഥി കോര്‍ണറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അതേ സമയം തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അതത് ജില്ലകളിലെ പട്ടയങ്ങള്‍ മന്ത്രിമാര്‍ വിതരണം ചെയ്യും. മൂന്നാം പട്ടയ മേളക്ക് ശേഷം തയ്യാറാക്കിയ 30,510 പട്ടയങ്ങളാണ് വിതരണം ചെയ്യുക.

ഈ സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷത്തിനിടയില്‍ നടത്തിയ മൂന്ന് പട്ടയമേളകളിലൂടെ(Pattayamela) വിതരണം ചെയ്ത 1,21,604 പട്ടയങ്ങള്‍ക്കൊപ്പം ഇപ്പോള്‍ വിതരണം ചെയ്യുന്ന പട്ടയങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ 1,52,114 പേരാണ് ഭൂമിയുടെ അവകാശികളാവുക.
എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി ഒരു പട്ടയമിഷന്‍ രൂപീകരിച്ച് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാനായത്. മലയോര, തീരദേശ, കോളനി പട്ടയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടാണ് പട്ടയമിഷന്റെ പ്രവര്‍ത്തനം മുന്നോട്ടു പോവുന്നത്. അഞ്ച് തട്ടുകളായാണ് പട്ടയമിഷന്‍ പ്രവര്‍ത്തിക്കുന്നത്. വില്ലേജ് തലത്തില്‍ ഭൂരഹിതരുടെ വിവരങ്ങള്‍, ഭൂമിയുടെ ലഭ്യത, പട്ടയം വിതരണം ചെയ്യുന്നതിനുള്ള തടസ്സം തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന വില്ലേജ് ഓഫീസര്‍ കണ്‍വീനറായ വില്ലേജ് തല വിവര ശേഖരണ സമിതിയാണ് പട്ടയമിഷന്റെ അടിസ്ഥാന ഘടകം. വില്ലേജ് തല വിവര ശേഖരണ സമിതി റിപ്പോര്‍ട്ട് ചെയ്യുന്ന പട്ടയ പ്രശ്നങ്ങള്‍ താലൂക്ക് തല ദൗത്യ സംഘമെന്ന രണ്ടാമത്തെ ഘടകം പരിശോധിച്ച് താലൂക്ക് തലത്തില്‍ പരഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ പരിഹരിച്ച ശേഷം ശേഷിക്കുന്നവ ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ തല ദൗത്യസംഘത്തിന്റെ പരിഗണനക്ക് അയക്കും. അവിടെ പരിഹരിക്കാന്‍ കഴിയുന്നവ പരിഹരിച്ച് ശേഷിക്കുന്നവ ലാന്റ് റവന്യൂ കമ്മീഷണര്‍ ചെയര്‍മാനായ സംസ്ഥാന ദൗത്യ സംഘത്തിന് കൈമാറും, നിയമപരമായ പ്രശ്നങ്ങളുള്ള വിഷയങ്ങളും വിവിധ വകുപ്പുകള്‍ ചേര്‍ന്ന് തീരുമാനമെടുക്കേണ്ടതുമായ വിഷയങ്ങള്‍ വിവിധ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളും റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ചീഫ് സെക്രട്ടറി ചെയര്‍മാനുമായ സംസ്ഥാന നിരീക്ഷണ സമിതി മുന്‍പാകെ സമര്‍പ്പിക്കും. സംസ്ഥാന നിരീക്ഷണ സമിതി യോഗം ചേര്‍ന്ന് അത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും.

പട്ടയമിഷന്റെ ഭാഗമായുള്ള മറ്റൊരു പ്രധാന പ്രവര്‍ത്തനമാണ് പട്ടയ അസംബ്ലി. എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ എല്ലാ ജനപ്രതിനിധികളുടേയും യോഗം പട്ടയ അസംബ്ലി എന്ന പേരില്‍ ആറ് മാസത്തിലൊരിക്കല്‍ ചേരുന്നു. ഓരോ ജനപ്രതിനിധിയും തങ്ങളുടെ അധികാര പരിധിയിലുള്ള പട്ടയ വിഷയങ്ങള്‍ അസംബ്ലിയില്‍ അവതരിപ്പിക്കും. അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങളില്‍ താലൂക്ക് തലത്തിലും ജില്ലാ തലത്തിലും പരിഹരിക്കാന്‍ കഴിയാത്തവ പട്ടയ ഡാഷ് ബോര്‍ഡില്‍ ചേര്‍ക്കും. പട്ടയ ഡാഷ് ബോര്‍ഡ് എന്നത് സംസ്ഥാന തല നിരീക്ഷണ സമിതിക്കു വരെ പരിശോധിക്കാനാകുന്ന ഒരു സോഫ്ട് വെയര്‍ സംവിധാനമാണ്. പട്ടയ ഡാഷ് ബോര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക അദാലത്തുകളും നടത്തി വരുന്നു. ഇത്തരത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് രണ്ടര വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷം പട്ടയം എന്ന ചരിത്ര നേട്ടം കൈവരിക്കാനായത്. ലാന്റ് ട്രിബ്യൂണല്‍ വഴിയുള്ള ക്രയസര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിലും വലിയ പുരോഗതിയാണ് കൈവരിക്കാനായത്. കേസ് ഫയല്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക പരിശീലനവും SOPയും പുറത്തിറക്കുകയും പ്രത്യേക അദാലത്തുകള്‍ നടത്തുകയും ചെയ്തു.

See also  പെന്തക്കോസ്ത് ദൈവസഭ കൺവെൻഷൻ ജനുവരി 11 മുതൽ

ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ഭൂമി കണ്ടെത്തുക എന്നതാണ് സര്‍ക്കാരിന്റെ മറ്റൊരു ലക്ഷ്യം. സംസ്ഥാനത്തുള്ള ആയിരത്തി മുന്നൂറിലേറെ മിച്ചഭൂമി കേസുകള്‍ തീര്‍പ്പാക്കിയാല്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ഭൂമി കണ്ടെത്താനാകും. ഈ കേസുകള്‍ തീര്‍പ്പാക്കേണ്ട താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍മാര്‍ ആ ജില്ലയിലെ വിവിധ ഡെപ്യൂട്ടി കളക്ടര്‍മാരായിരുന്നു. അവരുടെ ദൈനം ദിനമുള്ള മറ്റു ജോലികള്‍ക്കിടയില്‍ മിച്ചഭൂമി കേസുകള്‍ തീര്‍പ്പാക്കുന്നതിന് സമയം ലഭിക്കാറില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ താലൂക്ക് ലാന്റ് ബോര്‍ഡുകളെ നാല് മേഖലകളായി തിരിച്ച് ഓരോ മേഖലയിലും ഓരോ ഡെപ്യൂട്ടി കളക്ടര്‍മാരുടെ തസ്തിക സൃഷ്ടിച്ച് ലാന്റ് ബോര്‍ഡ് ചെയര്‍മാന്റെ ചുമതല നല്‍കിയത്. ഇത്തരത്തില്‍ 4 ഡെപ്യൂട്ടി കളക്ടര്‍മാരുടെ തസ്തിക സൃഷ്ടിച്ചതിന് ശേഷം 10 മാസക്കാലം കൊണ്ട് 105 കേസുകള്‍ തീര്‍പ്പാക്കി 1029.65234 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവായിട്ടുണ്ട്. കോളനി പട്ടയങ്ങളുടെ വിഷയമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന മറ്റൊരു പദ്ധതി. സംസ്ഥാനത്തെ കോളനികളില്‍ പരിശോധന നടത്തി പട്ടയം ലഭിക്കാത്തവരുടെ പട്ടികയും അവര്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയും സംബന്ധിച്ച് പഠനം നടത്തി. തദ്ധേശസ്വയംഭരണ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തി എല്ലാ കോളനി നിവാസികള്‍ക്കും പട്ടയം നല്‍കുന്നതിനുളള്ള നടപടികള്‍ പുരോഗമിക്കുന്നു. തിരുവന്തപുരം ജില്ലയിലെ എല്ലാ കോളനി നിവാസികള്‍ക്കും 6 മാസത്തിനുള്ളില്‍ ഭൂരേഖ നല്‍കുന്നതിനുള്ള കര്‍മ്മ പദ്ധതി പൂര്‍ത്തീകരിക്കും.

1977 ന് മുന്‍പ് വനഭൂമിയില്‍ കുടിയേറിയിട്ടുള്ള കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടു കൂടി പട്ടയം കൊടുക്കാന്‍ സംസ്ഥാനത്ത് നിയമവും ചട്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇതു പ്രകാരം അപേക്ഷ നല്‍കിയ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭ്യമാകാത്തതു മൂലം പട്ടയം കൊടുക്കാനാവാത്ത കേസുകള്‍ വിവിധ ജില്ലകളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതുപോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട പ്രശ്‌നമാണ് 1977 ന് മുന്‍പ് കുടിയേറിയെങ്കിലും പലവിധ കാരണങ്ങളാല്‍ അപേക്ഷ നല്‍കാന്‍ കഴിയാത്ത നിരവധിയായ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഈ രണ്ട് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സംസ്ഥാന വനം റവന്യൂ വകുപ്പ് മന്ത്രിമാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ സന്ദര്‍ശിക്കുകയും കേരളത്തിലെ ഈ പ്രത്യേക സാഹചര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കുകയും ഇനിയും അനുമതി ലഭിക്കാത്തതുമായ കേസുകളില്‍ ഉടനടി അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണറേയും ഒരു കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയേയും നോഡല്‍ ഓഫീസര്‍മാരായി നിശ്ചയിക്കുകയും ചെയ്തു. ഇതുവരെ അപേക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്ത അര്‍ഹതയുള്ള കുടിയേറ്റക്കാരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നതിനുള്ള അനുവാദം നല്‍കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതുവഴി മലയോര മേഖലയില്‍ നിലനില്‍ക്കുന്ന പട്ടയ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമാവും. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ മലയോര മേഖലയിലെ അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുക എന്നുള്ളതാണ് ലക്ഷ്യം. ഇപ്പോള്‍ നടക്കുന്ന നാലാമത് പട്ടയമേളയില്‍ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്. ഓരോ ജില്ലയിലും വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം അനുബന്ധമായി ചേര്‍ക്കുന്നുണ്ട്.

See also  ആശാൻ മനുഷ്യമനസ്സിന്റെ കവി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article