പട്ടിക്കാട്: മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയോരത്ത് സർവ്വീസ് റോഡിനോട് ചേർന്ന് പാണഞ്ചേരിയിൽ സാമൂഹ്യവിരുദ്ധർ വൻതോതിൽ കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ചെമ്പൂത്ര പെട്രോൾ പമ്പിന് എതിർ വശത്തായി ദേശീയപാത സർവീസ് റോഡിലും പാണഞ്ചേരിക്കും ചെമ്പൂത്രയ്ക്കും മധ്യേ വിവിധയിടങ്ങളിലായാണ് മാലിന്യം തള്ളിയിട്ടുള്ളത്.
മാലിന്യം മുഴുവൻ കല്ലുപാലം തോട്ടിലേക്കാണ് ഒഴുകിയെത്തിയിട്ടുള്ളത്. ഈ തോട് കല്ലായിചിറ വഴി ഒഴുകി എത്തുന്നത് മണലിപ്പുഴയിലേക്കാണ്. പാണഞ്ചേരി ഉൾപ്പെടെ വിവിധ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്നത് മണലിപ്പുഴയോരത്താണ്. അതുകൊണ്ടുതന്നെ പ്രദേശത്ത് വൻതോതിൽ കക്കൂസ് മാലിന്യം തള്ളിയത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന ഭയത്തിലാണ് നാട്ടുകാർ.
കഴിഞ്ഞ മെയ് മാസത്തിൽ ഇത്തരത്തിൽ വൻതോതിൽ മാലിന്യം തള്ളിയിരുന്നു. ദേശീയപാതയിലും സർവീസ് റോഡിലും തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതാണ് സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നതിന് ഈ മേഖല തെരഞ്ഞെടുക്കുന്നതിന് പ്രധാന കാരണം. അധികൃതർ എത്രയും വേഗം ഇടപെട്ട് ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ ആവശ്യപ്പെട്ടു.