ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പെട്ട അവിട്ടത്തൂർ ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരമായ എൻ എ ബി എച്ച് എൻട്രി ലെവൽ സർട്ടിഫിക്കറ്റ് ലഭിച്ചു.
അവിട്ടത്തൂർ അടക്കം ജില്ലയിൽ ഭാരതീയ ചികിൽസാ വകുപ്പിലെയും ഹോമിയോ വകുപ്പിലെയും ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായ പത്ത് ഡിസ്പെൻസറികളാണ് ദേശീയ അംഗീകാര പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ആദ്യമായിട്ടാണ് സർക്കാർ ആയുഷ് സ്ഥാപനങ്ങൾ ദേശീയ നിലവാരം കൈവരിക്കുന്നത്.
വേളൂക്കര പഞ്ചായത്തിൻ്റെ 2022-23, 2023-24 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി പ്രസിഡണ്ട് കെ എസ് ധനേഷിന്റെയും ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പന്ത്രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് നടത്തിയ നവീകരണ പ്രവർത്തനങ്ങൾ ദേശീയ അംഗീകാരത്തിന് തുണയായി. നാഷണൽ ആയുഷ് മിഷൻ വഴി ഓരോ ഡിസ്പെൻസറിക്കും അഞ്ച് ലക്ഷം രൂപയും അനുവദിച്ചിരുന്നു.
എല്ലാവർക്കും യോഗ പരിശീലനം, കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം, വയോജന ആരോഗ്യ പരിപാലനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം പകർച്ചവ്യാധി പ്രതിരോധം, ജീവിതശൈലി രോഗ നിയന്ത്രണം, ഓറൽ ഹെൽത്ത് കെയർ, സാന്ത്വന പരിചരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രമായി ഡിസ്പെൻസറിയെ മാറ്റാൻ കഴിഞ്ഞത് നേട്ടമായി.
നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.