ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളുമ്പോഴെല്ലാം അകമ്പടിയായുള്ള തിരുവായുധം അവകാശികളായ ആറാട്ടുപുഴ കളരിക്കൽ കുടുംബാംഗങ്ങൾ ക്ഷേത്രത്തിൽ നിന്നും ഏറ്റുവാങ്ങി. നവീകരിച്ച തിരുവായുധം കൊടിയേറ്റ ദിവസം ചടങ്ങുകൾക്കു ശേഷം രാത്രി 9 ന് ഗോപുരത്തിന് മുൻവശത്ത് ആൽത്തറയ്ക്കു സമീപം കളരിക്കൽ കുടുംബാംഗങ്ങൾ ചേർന്ന് നിറപറയോടൊപ്പം ശാസ്താവിന് സമർപ്പിക്കും. ശാസ്താവ് എഴുന്നെള്ളുമ്പോൾ തിരുവായുധം പിടിക്കുന്ന പാരമ്പര്യ അവകാശികളാണ് കൊടിയേറ്റ ദിവസം തിരുവായുധം ഏറ്റു വാങ്ങുന്നത്. വില്ലും ശരവും പ്രത്യേക മരത്തിൽ തീർത്ത വാളും പരിചയുമാണ് തിരുവായുധം. കരിമ്പന ദണ്ഡു കൊണ്ടാണ് വില്ലും ശരവും ഉണ്ടാക്കിയിട്ടുള്ളത്. ദണ്ഡോളം നീളമുള്ളതാണ് വില്ല്. ചേലമരത്തിന്റെ തൊലി ഉണക്കി നാരാക്കി പിരിച്ചാണ് ഞാൺ ഉണ്ടാക്കിയിട്ടുള്ളത്. പൊൻകാവി തേച്ച് മനോല കൊണ്ട് വരച്ചാണ് തിരുവായുധത്തിന് നിറം കൊടുക്കുന്നത്. ക്ഷേത്ര നടപ്പുരയിൽ നടന്ന ചടങ്ങിൽ ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു അനിൽ കുമാറിനൊപ്പം ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും ഭക്തരും പങ്കെടുത്തു.
ആറാട്ടുപുഴ പൂരം : ശാസ്‌താവിന്റെ തിരുവായുധം അവകാശികൾ ഏറ്റുവാങ്ങി ; സമർപ്പണം കൊടിയേറ്റ നാളിൽ

- Advertisement -