ഇരിങ്ങാലക്കുട: കുടിവെള്ള ശൃംഖല ശക്തിപ്പെടുത്തുന്നതിനും ശുദ്ധജല കണക്ഷനുകൾ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള ‘അമൃത്’ പദ്ധതിയുടെ ഭാഗമായി 13.5 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ഇരിങ്ങാലക്കുട നഗരസഭ. നാല് ഭാഗങ്ങളായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
നഗരസഭയിലെ 23, 32 വാർഡുകളിലായി നടപ്പിലാക്കുന്ന 1.68 കോടിയുടെ പദ്ധതിയാണ് ആദ്യത്തേത്. പദ്ധതിയുടെ ഭാഗമായി പഴയ പൈപ്പുകൾ മാറ്റുന്നതോടൊപ്പം രണ്ട് വാർഡുകളിലായി 200 കണക്ഷനുകൾ നൽകുകയും ചെയ്യും. കുടിവെള്ള ക്ഷാമം നേരിടുന്ന സിവിൽ സ്റ്റേഷനിലെ ഓഫീസുകളിലേക്കും സബ് ജയിലിലേക്കും വെള്ളമെത്തിക്കും.
നഗരസഭയുടെ, 2 വാർഡുകളിലായി വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും 200 കണക്ഷനുകൾ നൽകുകയും ചെയ്യുന്ന പദ്ധതിയാണ് രണ്ടാമത്തേത്. 84 ലക്ഷം രൂപയാണ് അടങ്കൽ തുക. നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പൈപ്പ് ലൈൻ നീട്ടുന്നതും കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റുന്നതുമാണ് മൂന്നാമത്തെ പദ്ധതി. 7.9 കോടി രൂപയാണ് അടങ്കൽ തുക.
മങ്ങാടിക്കുന്നിൽനിന്ന് ചന്തക്കുന്ന് വരെ പമ്പിങ് മെയിൻ വലിക്കലും പച്ചക്കറി മാർക്കറ്റിൽ പുതിയ ടാങ്ക് നിർമാണവും നൂറ് കണക്ഷൻ നൽകലും ലക്ഷ്യമിട്ടുള്ള നാലാമത്തെ പദ്ധതിക്കായി ചിലവഴിക്കുന്നത് 3.23 കോടി രൂപയാണ്.