കൊടുങ്ങല്ലൂർ: ജില്ലയിലെ ഫിഷ് ബൂത്തുകളിലേയ്ക്ക് ഗുണമേൻമയുള്ള മത്സ്യം നേരിട്ട് എത്തിച്ച് വിതരണം ചെയ്യുന്നതിന് മത്സ്യഫെഡിൻ്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലെ ആനാപ്പുഴയിൽ മത്സ്യ സംഭരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആനാപ്പുഴയിലെ ഫിഷ് ലാൻ്റിങ് സെൻററിലാണ് കേന്ദ്രം തുറന്നത്.
മുനമ്പം , ചേറ്റുവ, പൊന്നാനി, കൊച്ചി എന്നീ ഹാർബറുകളിൽ നിന്നും വിവിധ മത്സ്യതൊഴിലാളി സഹകരണ സംഘങ്ങൾ വഴിയും സംഭരിക്കുന്ന നെയ്മീൻ , ആവോലി, കരിമീൻ, ചെമ്മീൻ, വറ്റ, ചൂര , അയില , ചാള ,സ്രാവ് തുടങ്ങിയ 25 ഓളം ഇനം മത്സ്യങ്ങളാണ് വിതരണ കേന്ദ്രത്തിൽ സംഭരിച്ച് ഫിഷ് ബൂത്തുകളിൽ എത്തുക.
വർഷങ്ങൾക്ക് മുൻപ് സർക്കാർ നഗരസഭയ്ക്ക് നിർമ്മിച്ച് നൽകിയ ഈ ഫിഷ് ലാൻറിങ് സെൻ്റർ ഇതുവരെയും പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞിരുന്നില്ല . നഗരസഭ പല തവണ ഇതിന് ശ്രമിക്കുകയും, ചില തർക്കങ്ങൾ മൂലം ഈ കേന്ദ്രം ഫല പ്രദമായി ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിരുന്നില്ല. കെ ആർ ജൈത്രൻ നഗരസഭ ചെയർമാൻ ആയിരുന്ന കാലഘട്ടത്തിൽ വിവിധ തൊഴിലാളി സംഘടന നേതാക്കളുമായി ചർച്ച ചെയ്ത് കേന്ദ്രം മത്സ്യതൊഴിലാളികൾക്കായി ലേലം ചെയ്തു നൽകിയെങ്കിലും തുടർന്ന് പ്രവർത്തിക്കാൻ ലേലം ചെയ്തവർ തയ്യാറായില്ല. ഇപ്പോൾ 11 വർഷങ്ങൾക്ക് ശേഷം മത്സ്യഫെഡ് വാടകയ്ക്കടുത്ത് സംഭരണ കേന്ദ്രമാക്കി മാറ്റുകയാണുണ്ടായത്. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു.
അപകടത്തിൽ മരിച്ച മത്സ്യതൊഴിലാളിയുടെ കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ആനുകൂല്യവും ചെയർമാൻ വിതരണം ചെയ്തു. മത്സ്യഫെഡ് ബോർഡ് മെമ്പർ ഷീലരാജകമൽ അദ്ധ്യക്ഷത വഹിച്ചു.
മുൻ നഗരസഭ ചെയർമാൻ കെ. ആർ. ജൈത്രൻ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.എസ് കൈസാബ്, കൗൺസിലർമാരായ വി.എം. ജോണി, കെ. എ.വത്സല ടീച്ചർ, ബോർഡ് മെമ്പർ ബാബു, കെ.പി. ഷാജി ( സി ഐ ടി യു ) വി. ബി. സത്യൻ (ഐ എൻ ടി യു സി ) കെ ആർ വിദ്യാസാഗർ ( ബി എം എസ് ) ജനറൽ മാനേജർ എം എസ് ഇർഷാദ് ,ജില്ലാ മാനേജർ എൻ. ഗീത , യൂണിറ്റ് മാനേജർ അനിത എന്നിവർ പ്രസംഗിച്ചു.