ഇന്ത്യയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതമല്ലാത്ത മെട്രോപൊളിറ്റൻ നഗരമായി ഡൽഹി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ദിവസവും ശരാശരി മൂന്ന് ബലാത്സംഗ കേസുകളാണ് നഗരത്തിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഞായറാഴ്ചയാണ് ‘ഇന്ത്യയിലെ കുറ്റകൃത്യം, 2022’ എന്ന പേരിൽ എൻസിആർബി റിപ്പോർട്ട് പുറത്തുവിട്ടത്. 2022ൽ സ്ത്രീകൾക്കെതിരെ ഡൽഹി നഗരത്തിൽ മാത്രം 14,158 കുറ്റകൃത്യങ്ങൾ നടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 1,204 എണ്ണം ബലാത്സംഗ കേസുകളാണ്. ഇന്ത്യയിലെ 19 മെട്രോപൊളിറ്റൻ നഗരങ്ങളിലെ കണക്കുകൾവെച്ച് താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ഉയർന്ന കണക്കുകളാണിത്. തുടർച്ചയായ മൂന്നാം വർഷമാണ് ഡൽഹി നഗരം സ്ത്രീകൾക്കെതിരായ അക്രമങ്ങളുടെ എണ്ണത്തിൽ മുന്നിലെത്തുന്നത്.
3,909 തട്ടിക്കൊണ്ടുപോകൽ കേസുകളും ഡൽഹി നഗരത്തിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാർഹിക പീഡനം കാരണം 129 ആത്മഹത്യകളാണ് നഗരത്തിൽ ഉണ്ടായിട്ടുള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.