(Woman complaint against Air India)ദില്ലി: എയർ ഇന്ത്യക്കെതിരെ ഗുരുതര പരാതിയുമായി യുവതി രംഗത്ത് . എയർ ഇന്ത്യയുടെ അധികൃതർ ദില്ലി വിമാനത്താവളത്തിൽ മുൻകൂട്ടി ബുക് ചെയ്ത വീൽ ചെയർ നൽകാത്തതിനാൽ വയോധികയ്ക്ക് പരിക്കേറ്റെന്നാണ് യുവതിയുടെ പരാതി. നടക്കാൻ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതര പരിക്കേറ്റ വയോധിക ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ഇപ്പോൾ ചികിത്സയിലാണ്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എയർ ഇന്ത്യ വീൽ ചെയർ നല്കാൻ തയ്യാറായില്ലെന്നും , മുത്തശ്ശിക്ക് കൃത്യമായ ചികിത്സ ലഭിച്ചത് ബെംഗളൂരുവിലെത്തിയ ശേഷം മാത്രമാണെന്നും കൊച്ചുമകൾ പാറുൾ കൻവർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
അന്തരിച്ച മുൻ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയാണ് 82 വയസുകാരിയായ പ്രസിച്ച രാജ്. ഈമാസം നാലിന് ദില്ലിയിൽ കൊച്ചുമകന്റെ വിവാഹത്തിൽ പങ്കെടുത്ത് ബംഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇന്നലെയാണ് യുവതി കുറിപ്പ് എക്സിൽ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി എയർ ഇന്ത്യ അധികൃതർ യുവതിയെ അറിയിച്ചു. ഡിജിസിഎയ്ക്കും യുവതി പരാതി നൽകി. പരിക്കേറ്റ മുത്തശ്ശിയുടെ ചിത്രങ്ങൾ അടക്കം ഉൾപ്പെടുത്തിയുള്ള യുവതിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ്.