വന്ദേ ഭാരത് മംഗലാപുരത്തേക്ക് നീട്ടുന്നതോടെ മലബാർ മേഖലയിലെ യാത്രാദുരിതത്തിന് അറുതി

Written by Taniniram1

Published on:

കണ്ണൂർ: കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടുന്നതോടെ മലബാർ മേഖലയിൽ തെളിയുന്നത് വൻ സാധ്യതകൾ. സ്പെയർ റേക്ക് ഉപയോഗിച്ച് പുതിയ സർവീസിന് അവസരമൊരുങ്ങും എന്നതിന് പുറമെ കാസർകോട് സ്റ്റേഷനിൽ ഒഴിയുന്ന മൂന്നാം പ്ലാറ്റ്ഫോം ഉപയോഗിച്ച് പുതിയ ട്രെയിനുകൾ ഇവിടേക്ക് എത്തിക്കാൻ കഴിയും. ഇതോടെ മലബാറിലെ ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേ ഭാരത് കാസർകോട്ടെ മൂന്നാം പ്ലാറ്റ് ഫോമിലാണ് നിർത്തുന്നത്. ഇത് മംഗളൂരുവിലേക്ക് നീട്ടുമ്പോൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കാസർകോടേക്ക് നീട്ടാൻ കഴിയും. കണ്ണൂർ എക്സിക്യൂട്ടീവ്, കോയമ്പത്തൂർ എക്സ്പ്രസ് എന്നിവ കാസർകോടേക്ക് നീട്ടുകയാണെങ്കിൽ കാഞ്ഞങ്ങാട്, കാസർകോട് ഭാഗങ്ങളിലുള്ള യാത്രക്കാർക്ക് ഇത് ഉപകരപ്പെടും. കണ്ണൂരിൽ നിർത്തിയിടുന്ന ട്രെയിനുകൾ കാസർകോടേക്ക് നീട്ടുമ്പോൾ കണ്ണൂരിൽ ഒഴിവുവരുന്ന ലൈനിലേക്ക് നിലവിൽ കോഴിക്കോട് യാത്ര അവസാനിപ്പിക്കുന്ന ഷൊർണൂർ – കോഴിക്കോട് എക്സ്പ്രസ് നീട്ടാനും കഴിയും. രാത്രി 7:25ന് നേത്രാവതി എക്സ്പ്രസ് കണ്ണൂരിലെത്തിയാൽ പിന്നീട് കാസർകോടേക്ക് ഒരു പ്രതിദിന തീവണ്ടിയെത്താൻ എട്ടുമണിക്കൂർ കാത്തിരിക്കണം. പുലർച്ചെ 2:30ന് ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസാണ് പിന്നീടുള്ള ട്രെയിൻ.

രാത്രി എട്ടരയോടെ കണ്ണൂരിലെത്തുന്ന കോയമ്പത്തൂർ-കണ്ണൂർ എക്സസ്പ്രസ് നിലവിലെ സാഹചര്യത്തിൽ കാസർകോട്ടേക്ക്
നീട്ടാൻ കഴിയും. രാവിലെ ആറിന് കണ്ണൂരിൽനിന്നാണ് രാവിലെ ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ഇത് കാസർകോട് നിന്ന് 4:30ന് പുറപ്പെടാനും കഴിയും. ഇതേപോലെ രാത്രി 12:30 ഓടെ കണ്ണൂരിലെത്തുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവുംകാസർകോടേക്ക് നീട്ടാൻ കഴിയും. വന്ദേ ഭാരത് സർവീസ് മംഗലാപുരത്തേക്ക് നീട്ടുന്നതോടെ സെമി ഹൈസ്പീഡ് ട്രെയിനിന്റെ അറ്റുകുറ്റപ്പണിയും മംഗലാപുരത്തേക്ക് മാറ്റും. ഇതോടെ തിരുവനന്തപുരം ഡിവിഷന് കൈയിലുള്ള സ്പെയർ റേക്ക് ഇല്ലാതെ തന്നെ ട്രെയിൻ സർവീസ് നടത്താം. ബാക്കിയാകുന്ന സ്പെയർ ട്രെയിൻ ഉപയോഗിച്ച് എറണാകുളം – ബെംഗളൂരു, കോയമ്പത്തൂർ – തിരുവനന്തപുരം, ചെന്നൈ – എറണാകുളം സർവീസുകൾക്ക് സാധ്യതയും തെളിയും.

See also  ക്യാപ്റ്റന് വിട; സംസ്‌കാരം വൈകിട്ട് 4:45ന്…

Leave a Comment