ഉത്തരാഖണ്ഡിൽ തകർന്ന തുരങ്കത്തിൽ പതിനൊന്ന് ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേയ്ക്ക്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പ് അവശിഷ്ടങ്ങൾക്കിടയിലൂടെ അകത്തേയ്ക്ക് കയറ്റി. കേന്ദ്രമന്ത്രി ജനറൽ വി കെ സിംഗ് അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
തൊഴിലാളികളുടെ തൊട്ടരികത്തായി രക്ഷാപ്രവർത്തകർ എത്തിച്ചേർന്നതായി ജനീവയിലെ ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്റെ തലവൻ അർണോൾഡ് ഡിക്‌സ് പറഞ്ഞു. നവംബർ 20ന് ഡിക്സിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നിരുന്നു.’ഞങ്ങൾ വാതിലിന് മുന്നിലായി എത്തി വാതിലിൽ മുട്ടുന്നതുപോലുള്ള സാഹചര്യമാണിപ്പോൾ. തൊഴിലാളികൾ മറ്റൊരു വശത്താണെന്ന് ഞങ്ങൾക്കറിയാം. എന്താണ് നടക്കുന്നതെന്ന് അകത്ത് കയറി പരിശോധിക്കാൻ പോവുകയാണ് ഞാൻ’- ഡിക്‌സ് പറഞ്ഞു.രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാൻ ഡൽഹിയിൽ നിന്ന് വെൽഡിംഗ് വിദഗ്ദ്ധരെ എത്തിച്ചിട്ടുണ്ട്. ‘തുരങ്കത്തിനുള്ളിൽ എംഎസ് പൈപ്പ് വെൽഡിംഗ് ചെയ്യാനുള്ള ശ്രമത്തിലാണ്. അതിനായി അഞ്ച് വെൽഡർമാർ എത്തിയിട്ടുണ്ട്’- വെൽഡർ രാധേ രാമൻ ദുബെ പറഞ്ഞു. റൂർക്കിയിൽ നിന്നുള്ള ചീഫ് സയന്റിസ്റ്റും ടണൽ വിദഗ്ദ്ധനുമായ ആർ ഡി ദ്വിവേദിയും സ്ഥലത്തെത്തിയിട്ടുണ്ട്.രക്ഷാപ്രവർത്തനത്തിന് ശേഷമുള്ള പദ്ധതികൾ ഇതിനോടകം തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരകാശി എസ് പി അർപൺ യദുവൻഷി പറഞ്ഞു. ‘തൊഴിലാളികളെ പൊലീസ് അകമ്പടിയോടെ ഹരിത ഇടനാഴിയിലൂടെ പുറത്തെത്തിക്കും. അവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. അവരെ ചിന്യാലിസൗറിലേയ്ക്കും തുടർന്ന് ആവശ്യമെങ്കിൽ ഋഷികേശിലേയ്ക്കും കൊണ്ടുപോകുമെന്നാണ് കരുതുന്നത്’- എസ് പി വ്യക്തമാക്കി.തൊഴിലാളികൾക്കായി ചിന്യാലിസൗർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 41 കിടക്കകളുള്ള വാർഡ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ 41 ആംബുലൻസുകൾ തുരങ്കത്തിന് പുറത്ത് നിൽക്കുകയാണ്.നവംബർ 12ന് പുലർച്ചെ 5.30 – ബ്രഹ്‌മഖൽ – യമുനോത്രി ഹൈവേയിൽ നിർമ്മാണത്തിലിരുന്ന സിൽക്യാര-ദണ്ഡൽഗാവ് തുരങ്കത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. 41 തൊഴിലാളികളാണ് കുടുങ്ങിക്കിർക്കുന്നത്. അന്നുതന്നെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി. എൻ.ഡി.ആർ.എഫ് ഉൾപ്പെട് നിരവധി ഏജൻസികൾ രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നിരുന്നു. പൈപ്പുകൾ വഴി തൊഴിലാളികൾക്ക് ഓക്സിജൻ, ഭക്ഷണം എന്നിവ നൽകുകയും ചെയ്തു. കഴിഞ്ഞദിവസം തൊഴിലാളികളുടെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പൈപ്പിനുള്ളിൽ ഘടിപ്പിച്ച ക്യാമറയുടെ സഹായത്തോടെയാണ് തൊഴിലാളികളുടെ ചിത്രങ്ങളെടുത്തത്.