അടുത്ത ആറുമാസത്തേക്ക് സര്‍ക്കാര്‍ ജീവനക്കാരെയും സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരെയും പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വെള്ളിയാഴ്ച എസ്മ(Essential Services Maintenance Act-ESMA) പുറപ്പെടുവിച്ചു. 1966-ലെ ഉത്തര്‍പ്രദേശ് അവശ്യ സേവന പരിപാലന നിയമത്തിലെ മൂന്നാം വകുപ്പിന് കീഴിലെ ഉപവകുപ്പ് പ്രകാരമുള്ള അധികാരങ്ങള്‍ വിനിയോഗിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
യുപി സര്‍ക്കാരിലെ ഏതെങ്കിലും സേവനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജീവനക്കാരും അടുത്ത ആറ് മാസത്തേക്ക് പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.
ഡിസംബര്‍ ഏഴ് മുതല്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ നടത്തുന്ന സമരം കണക്കിലെടുത്താണ് തീരുമാനം. പൂര്‍വാഞ്ചല്‍ ദക്ഷിണാഞ്ചല്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനുകള്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പണിമുടക്കുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയിലും സര്‍ക്കാര്‍ എസ്മ പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലും കോര്‍പ്പറേഷനുകളിലും അധികാരകേന്ദ്രങ്ങളിലുമുള്ള ജീവനക്കാര്‍ ആറ് മാസത്തേക്ക് പണിമുടക്കില്‍ പങ്കെടുക്കുന്നത് നിരോധിച്ചുകൊണ്ട് അവശ്യ സേവന പരിപാലന നിയമം(എസ്മ) നടപ്പാക്കിയിരുന്നു. വിവിധ സംഘടനകള്‍ കര്‍ഷക സമരത്തിന് ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം.