തൻ്റെ ഗർഭകാലത്തെ കുറിച്ച് നടി കരീന കപൂർ (Kareena Kapoor) എഴുതിയ പുസ്തകത്തിൻ്റെ തലക്കെട്ടുമായി ബന്ധപ്പെട്ട് വിവാദം. പുസ്തകത്തിൻ്റെ പേരിൽ ‘ബൈബിൾ’ എന്ന വാക്ക് ഉപയോഗിച്ചതിന് മധ്യപ്രദേശ് ഹൈക്കോടതി കരീനയ്ക്ക് വക്കീൽ നോട്ടീസയച്ചു.
‘കരീന കപൂർ ഖാൻസ് പ്രഗ്‌നൻസി ബൈബിൾ’ (Kareena Kapoor Khan’s Pregnancy Bible) എന്നാണ് താരം എഴുതിയ പുസ്തകത്തിൻ്റെ പേര്. ‘ബൈബിൾ’ എന്ന വാക്ക് അടങ്ങിയ തലക്കെട്ട് നൽകിയതിൽ എതിർപ്പ് പ്രകടിപ്പിച്ച് ജബൽപൂരിലെ ക്രിസ്റ്റഫർ ആൻ്റണി എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.
പുസ്തകത്തിൻ്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിക്കുന്നത് ക്രിസ്ത്യൻ സമൂഹത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് അഭിഭാഷകൻ ആരോപിക്കുന്നു. താരത്തിനും പുസ്തകം വിൽക്കുന്നതിനുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു. പുസ്തകത്തിന്‍റെ വിൽപ്പന നിരോധിക്കണമെന്നും ആവശ്യമുണ്ട്. തുടർന്ന് ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയയുടെ സിംഗിൾ ജഡ്ജി ബെഞ്ച് കരീനയ്ക്ക് നോട്ടീസയക്കുകയായിരുന്നു. പുസ്തകത്തിൻ്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിന് കോടതി നടിയോട് വിശദീകരണം തേടിയിട്ടുണ്ട്.
2021-ൽ പ്രസിദ്ധീകരിച്ച പുസ്തകം, നടിയുടെ ഗർഭകാല യാത്രയെ കുറിച്ചാണ് വിവരിക്കുന്നത്. നടിക്കെതിരെ ആദ്യം പരാതി പോലീസിൽ നൽകിയെങ്കിലും കേസെടുക്കാൻ വിസമ്മതിച്ചതിയോടെയാണ് അഭിഭാഷകൻ കോടതിയെ സമീപിച്ചത്.