ഹൈദരാബാദ്: ബിരിയാണി മോശമായതിന്റെ പേരിൽ ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മിൽ കൂട്ടയടി. മോശമായ ഭക്ഷണം നൽകിയതിന്റെ പേരിൽ ആദ്യം വാക്കുതർക്കമാകുകയും പിന്നീടത് കയ്യാങ്കളിയിലെത്തുകയുമായിരുന്നു. ഹൈദരാബാദിലെ അബിഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാന്റ് ഹോട്ടലിലാണ് സംഭവം നടന്നത്. പുറത്തുവന്ന ദൃശ്യങ്ങളിൽ സ്ത്രീകളുടെ കരച്ചിലടക്കം കേൾക്കാം. ഭക്ഷണം കഴിക്കാനെത്തിയവരെ ഹോട്ടൽ ജീവനക്കാർ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.
ശൗചാലയം വൃത്തിയാക്കാനുപയോഗിക്കുന്ന വൈപ്പറുകൾ, കസേരകൾ എന്നിവ ഉപയോഗിച്ചാണ് ഭക്ഷണം മോശമായെന്ന് പരാതിപ്പെട്ടവരെ ജീവനക്കാർ നേരിട്ടതെന്ന് വീഡിയോയിൽ കാണാം. ആക്രമണം നിർത്താൻ ഒരു സ്ത്രീ ആവശ്യപ്പെടുന്നുമുണ്ട്. ജീവനക്കാർ ഇവർക്കെതിരെ അസഭ്യവർഷവും നടത്തുന്നുണ്ട്.
പുതുവത്സരം ആഘോഷിക്കാൻ ധൂൽപ്പേട്ടിൽ നിന്നെത്തിയ കുടുംബത്തിനാണ് ജീവനക്കാരിൽ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്. ബിരിയാണി വെന്തില്ലെന്ന് അറിയിച്ച കുടുംബം, ആഹാരം മാറ്റിത്തരാൻ ആവശ്യപ്പെട്ടതോടെയാണ് തർക്കമായത്. ഇതോടെ ഭക്ഷണം കഴിക്കാനെത്തിയവരിൽ ഒരാൾ ജീവനക്കാരനെ അടിച്ചു. ഇയാൾ ഉടൻ മറ്റ് ജീവനക്കാരെ വിളിച്ചുവരുത്തി. ഇവർ കൂട്ടത്തോടെ കുടുംബത്തെ മർദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ എ ചന്ദ്രശേഷർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജീവനക്കാർക്ക് പിന്നീട് ജാമ്യം ലഭിച്ചു.