മുംബൈ: ജനുവരി 22 ന് നടക്കുന്ന അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്ക്ക് ക്ഷണമില്ല. താനും പാർട്ടി നേതാക്കളും അന്നേദിവസം നാസിക്കിലെ കലാരം രാമക്ഷേത്രം സന്ദർശിച്ച് ഗോദാവരി നദിയിൽ മഹാ ആരതി അർപ്പിക്കുമെന്ന് താക്കറെ പറഞ്ഞു.
ചടങ്ങിലേയ്ക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. ആഗ്രഹം തോന്നിയാൽ അയോധ്യാ ക്ഷേത്രത്തിൽ ദർശനം നടത്തും. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ സാമൂഹിക പരിഷ്കർത്താവ് ബാബാ സാഹിബ് അംബേദ്കറും സേൻ ഗുരുജിയും ക്ഷേത്ര പ്രവേശനത്തിനായി സമരം നടത്തിയ കലാരം ക്ഷേത്രത്തിൽ ദർശനം നടത്താനാണ് തീരുമാനം. തുടർന്ന് ഗോദാവരി നദിയിൽ ആരതിയും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അയോധ്യാ രാമക്ഷേത്രത്തിൽ എല്ലാവർക്കും അവകാശമുണ്ട്. ക്ഷേത്ര നിർമാണത്തിനായി ശിവസേന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജനുവരി 23 ന് അന്തരിച്ച ശിവസേനാ സ്ഥാപകനും ഉദ്ധവിൻറെ പിതാവുമായ ബാൽ താക്കറെയുടെ ജന്മദിനത്തിൽ നാസിക്കിൽ റാലി സംഘടിപ്പിക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.