ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അതിന് പദ്ധതിയിടുന്നവരും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ രജിസ്റ്റർ ചെയ്യണം

Written by Taniniram1

Published on:

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിൽ ഏക സിവിലിൽകോഡ് നടപ്പിലാക്കലിന്റെ ഭാഗമായി പുതിയ നിയമവുമായി സർക്കാർ. ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അതിന് പദ്ധതിയിടുന്നവരും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുൻപില്‍ രജിസ്റ്റർ ചെയ്യണം. സംസ്ഥാന നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച ഏക സിവില്‍ കോഡിലാണ് ഇത് സംബന്ധിച്ച നിയമമുള്ളതെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ലിവിങ് ടുഗെതർ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് മൂന്ന് മാസം തടവോ 25,000 രൂപയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പരമാവധി ആറ് മാസം വരെ തടവും 25000 രൂപ പിഴയും ലഭിക്കാം. രജിസ്റ്റര്‍ ചെയ്യാൻ ഒരു മാസം വൈകിയാല്‍ മൂന്ന് മാസം തടവോ 10,000 രൂപ പിഴയോ ലഭിക്കാനും സാധ്യതയുണ്ട്. ലിവിങ് ടുഗെതര്‍ ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികളെ വിവാഹ ബന്ധത്തില്‍ ജനിക്കുന്ന കുട്ടികളെപ്പോലെ തന്നെ കണക്കാക്കുമെന്നും അവര്‍ക്ക് സ്വത്തവകാശം ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും ഉണ്ടാവുമെന്നും നിയമത്തിലുണ്ട്. ലിവിങ് ടുഗെതര്‍ പങ്കാളി ഉപേക്ഷിച്ചു പോകുന്ന സ്ത്രീയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനും സാധിക്കും
ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ 21 വയസില്‍ താഴെയുള്ളവരാണെങ്കില്‍ രക്ഷിതാക്കളുടെ സമ്മതവും വേണം. ഉത്തരാഖണ്ഡിലെ താമസക്കാർ സംസ്ഥാനത്തിന് പുറത്താണ് ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കിലും നിയമം ബാധകമാവും. രജിസ്ട്രേഷൻ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ബന്ധങ്ങള്‍ പൊതുനയങ്ങള്‍ക്കോ ധാര്‍മിക മര്യാദകള്‍ക്കോ നിരക്കുന്നതല്ലെങ്കില്‍ ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ക്ക് അനുമതി നിഷേധിക്കും. പങ്കാളികളില്‍ ഒരാള്‍ നേരത്തെ വിവാഹം ചെയ്തതോ അല്ലെങ്കില്‍ മറ്റൊരു ബന്ധത്തിലോ ഉള്ള ആളായിരിക്കുക, പങ്കാളികളില്‍ ഒരാള്‍ 21 വയസില്‍ താഴെയുള്ള ആളായിരിക്കുകയും രക്ഷിതാക്കളുടെ അനുമതി സംബന്ധിച്ച രേഖകള്‍ വ്യാജമായോ തട്ടിപ്പിലൂടെയോ ആള്‍മാറാട്ടത്തിലൂടെയോ ഉണ്ടാക്കിയതാവുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത്. ലിവിങ് ടുഗെതർ ബന്ധങ്ങള്‍ സംബന്ധിച്ച അപേക്ഷ സ്വീകരിക്കാൻ ഒരു വെബ്‍സൈറ്റ് തുടങ്ങുമെന്നും ഇതിലൂടെ ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ രജിസ്ട്രാർ പരിശോധിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ രജിസ്ട്രാർ അന്വേഷണം നടത്തിയായിരിക്കും അംഗീകാരം നല്‍കുക. അന്വേഷണത്തിനായി ഉദ്യോഗസ്ഥന് പങ്കാളികളില്‍ ഒരാളെയോ രണ്ട് പേരെയുമോ മാതാപിതാക്കളെയോ മറ്റ് വ്യക്തികളെയോ വിളിച്ചുവരുത്താനും അധികാരമുണ്ടാവും. രജിസ്ട്രേഷൻ നിഷേധിച്ചാല്‍ അക്കാര്യം ഉദ്യോഗസ്ഥൻ രേഖാമൂലം അറിയിക്കണം. കാരണങ്ങളും വിശദീകരിക്കണം. ലിവിങ് ടുഗെതർ ബന്ധം അവസാനിപ്പിക്കുകയാണെങ്കിലും രേഖാമൂലം അറിയിക്കണം. ഇതിന് ഉന്നയിക്കുന്ന കാരണങ്ങള്‍ തെറ്റാണെന്നോ സംശയകരമാണെന്നോ തോന്നുന്നപക്ഷം രജിസ്ട്രാര്‍ക്ക് പൊലീസ് അന്വേഷണം ആവശ്യപ്പെടാം. പങ്കാളികളില്‍ ഒരാള്‍ 21 വയസില്‍ താഴെയുള്ള ആളാണെങ്കില്‍ രക്ഷിതാക്കളെയും അറിയിക്കാം.

Related News

Related News

Leave a Comment