തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 119 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്.
ദേശീയ, പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ 109 പാർട്ടികളിൽ നിന്നായി 2290 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മത്സരാർത്ഥികളിൽ 221 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. 35,655 പോളിംഗ് സ്റ്റേഷനുകളിലായി 3.26 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും.
45000 പൊലീസുകാരെ കൂടാതെ 50 കമ്പനി കേന്ദ്ര സേനയെയും തെരഞ്ഞെടുപ്പ് സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്. വൈകീട്ട് ആറുമണി വരെയാണ് പോളിംഗ്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന വോട്ടെടുപ്പാണ് തെലങ്കാനയിൽ നടക്കുന്നത്. ഭരണകക്ഷിയായ ബിആർഎസും കോൺഗ്രസും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിയും പ്രചരണ രംഗത്ത് സജീവമായിരുന്നു.