അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് മന്ത്രി കെ പൊൻമുടി കുറ്റക്കാരനാണെന്ന് മദ്രാസ് ഹൈക്കോടതി. മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ജൂൺ 28ന് വെല്ലൂരിലെ പ്രിൻസിപ്പൽ സെഷൻസ് കോടതി പൊൻമുടിയെയും ഭാര്യയെയും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വെറുതെവിട്ടിരുന്നു. എന്നാൽ വിചാരണ കോടതി (trial court) വിധി റദ്ദാക്കികൊണ്ടാണ് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ശിക്ഷാവിധി ഒരാഴ്ചയ്ക്ക് ശേഷം പ്രസ്താവിക്കുമെന്നും കോടതി പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വെല്ലൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എൻ വസന്തലീല കെ പൊൻമുടിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയത്. എന്നാൽ കുറ്റവിമുക്തനാക്കിയ വിധിയുടെ പുനഃപരിശോധന സ്വമേധയാ ഏറ്റെടുക്കാൻ ഓഗസ്റ്റിൽ മദ്രാസ് ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
2006നും 2011നും ഇടയിൽ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. 2011ൽ എഐഎഡിഎംകെ അധികാരത്തിലെത്തിയപ്പോഴാണ് മന്ത്രി പൊന്മുടിക്കെതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് കേസെടുത്തത്. ഡിഎംകെ നേതാവ് അനധികൃതമായി 1.36 കോടിയുടെ അധിക സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. എന്നാൽ ആക്ഷേപങ്ങൾ സംശയാതീതമായി തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി പൊന്മുടിയേയും ഭാര്യയേയും കുറ്റവിമുക്തരാക്കിയത്.