എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ മധുരൈ ഓഫീസ് റെയ്ഡ് ചെയ്ത് തമിഴ്നാട് വിജിലൻസ്. ഇഡിയുടെ മധുരൈ യൂണിറ്റിലെ ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയെ കൈക്കൂലി കേസിൽ ഇന്നലെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി. ഓഫീസിൽ പോലീസ് റെയ്ഡ് നടത്തിയത്.
ഡിണ്ടിഗലിലെ ഗവ.ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ അങ്കിത് തിവാരി പിടിയിലായത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കുടുക്കാതിരിക്കാൻ 3 കോടി രൂപ ആവശ്യപ്പെട്ട് തിവാരി ഭീഷണിപ്പെടുത്തിയെന്നാണ് ഡോക്ടർ നൽകിയ പരാതി. ഇത്രയും തുക നൽകാനാകില്ലെന്ന് പറഞ്ഞപ്പോൾ 51 ലക്ഷം രൂപയായി കുറച്ചു. 20 ലക്ഷം രൂപ കഴിഞ്ഞ മാസം നൽകി. ബാക്കി തുക നൽകണമെന്നാവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ ഡോക്ടർ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസ് കേന്ദ്ര ഏജൻസിയുടെ ഓഫീസും അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ വസതിയും തമിഴ്‌നാട് പൊലീസ് പരിശോധിക്കുന്നുണ്ട്. ചില രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. ആദ്യമായാണ് തമിഴ്‌നാട്ടിൽ ഒരു ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിലാവുന്നത്. അറസ്റ്റിലായ അങ്കിത് തിവാരിയെ ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.