സന്ദേശ്ഖാലി (Sandeshkhali) കേസില്‍ ഷാജഹാന്‍ ശൈഖ് (Shah Jahan Sheikh) അറസ്റ്റില്‍. പശ്ചിമബംഗാളിലെ സന്ദേശ്ഖലിയില്‍ ഇഡി സംഘത്തെ ആക്രമിച്ച സംഭവത്തിലെ സൂത്രധാരനും കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് (TMC) നേതാവു കൂടിയാണ് ഷാജഹാന്‍ ശൈഖ്.
സന്ദേശ്ഖലിയില്‍ ഭൂമി തട്ടിയെടുക്കലും സ്ത്രീ പീഡനവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഷാജഹാന്‍ ഒളിവില്‍ പോയി 56-ാം ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇത്രയും ദിവസം ഇയാള്‍ എവിടെയായിരുന്നതില്‍ വ്യക്തതയില്ല.
വ്യാഴാഴ്ച രാവിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ മിനാഖാന്‍ പ്രദേശത്തുനിന്നാണ് ഷാജഹാനെ പിടികൂടുന്നത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യ്തതിന് തൊട്ടുപിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി തൃണമൂല്‍ കോണ്‍ഗ്രസും അറിയിച്ചു. ആറ് വര്‍ഷത്തേക്കാണ് ഷാജഹാനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്.
ഷാജഹാനെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസന്വേഷണം സി.ഐ.ഡി (CID) ഏറ്റെടുത്തു. വധശ്രമം അപഹരണം തുടങ്ങി ഒട്ടേറെ ജാമ്യമില്ലാവകുപ്പുകളാണ് ഷാജഹാനെതിരെ ചുമത്തിയിട്ടുള്ളത്.
ഇയാള്‍ക്കെതിരെ നിരവധി ആരോപണങ്ങളുമായി സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഇത് രാഷ്ട്രീയ ആയുധമാക്കി ബിജെപി (BJP) രംഗത്ത് വരികയും ചെയ്തു. മമതാസര്‍ക്കാരിനെതിരെ (Mamata Banerjee) ദേശീയതലത്തില്‍ ചര്‍ച്ചാവിഷമാക്കുകയും ചെയ്തു. എന്നാല്‍ ഷാജഹാന്റെ അറസ്റ്റിലൂടെ മമതാ ബാനര്‍ജി രാജധര്‍മ്മം പാലിച്ചെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം.