മൂടല്‍മഞ്ഞില്‍ മൂടി ഉത്തരേന്ത്യ; സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട്

Written by Taniniram Desk

Published on:

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്. ജനുവരി 2 വരെ ഈ സ്ഥിതി തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തണുപ്പ് തുടരുമെന്നും മുന്നറിയിപ്പുണ്ട്. മൂടല്‍ മഞ്ഞ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് വെള്ളിയീഴ്ച റെഡ് അലര്‍ട്ടും ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബര്‍ 31ന് പഞ്ചാബില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജനുവരി 2 വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മൂടല്‍മഞ്ഞിന്റെ പശ്ചാത്തലത്തില്‍ ചില ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. ദില്ലി – ഹൗറ റൂട്ടിലെ രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ ഡസന്‍ കണക്കിന് ട്രെയിനുകള്‍ 10 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. വിമാന സര്‍വ്വീസിനെയും മൂടല്‍മഞ്ഞ് ബാധിച്ചു. പലതും വൈകിയാണ് സര്‍വീസ് നടത്തുന്നത്.

വെള്ളിയാഴ്ച ദില്ലിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 10.7 ഡിഗ്രി സെല്‍ഷ്യസാണ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ കുറഞ്ഞ താപനില ഏഴ് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് കണക്കുകൂട്ടല്‍. കടുത്ത തണുപ്പ് കാരണം നോയിഡയും ഗ്രേറ്റര്‍ നോയിഡയും അടങ്ങുന്ന ഗൗതം ബുദ്ധ് നഗറിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഡിസംബര്‍ 29, 30 തീയതികളില്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.

ഫോഗ് ലൈറ്റുകള്‍ ഉപയോഗിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡ്, റെയില്‍, വ്യോമ ഗതാഗതം സംബന്ധിച്ച അപ്‌ഡേറ്റുകള്‍ കൃത്യമായി പരിശോധിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.

Related News

Related News

Leave a Comment