അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര മാതൃകയില്‍ 5000 വജ്രങ്ങള്‍ പതിച്ച നെക്ലേസുണ്ടാക്കി വജ്ര വ്യാപാരി. രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചു. ഈ മാസ്റ്റര്‍ പീസ് രാമക്ഷേത്രത്തിന് സമര്‍പ്പിക്കുമെന്ന് വ്യാപാരി അറിയിച്ചു. സൂറത്തിലെ വജ്ര വ്യാപാരിയാണ് നെക്ലേസുണ്ടാക്കിയത്.
ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും ഹനുമാനെയുമാണ് നെക്ലേസില്‍ കൊത്തിവെച്ചിട്ടുള്ളതെന്ന് രസേഷ് ജൂവൽസിന്റെ ഡയറക്ടർ കൗശിക് കകാഡിയ പറഞ്ഞു. 35 ദിവസമെടുത്താണ് നെക്ലേസ് ഉണ്ടാക്കിയത്. വില്‍ക്കാനായല്ല ഈ നെക്ലേസുണ്ടാക്കിയത്. അയോധ്യയിലെ രാമക്ഷേത്രത്തിന് ഈ അമൂല്യ നെക്ലേസ് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 5000 അമേരിക്കന്‍ വജ്രങ്ങളും രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
2024 ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കുക. ജനുവരി 16 ന് ചടങ്ങുകള്‍ ആരംഭിക്കും. വാരണാസിയിൽ നിന്നുള്ള പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലാണ് പ്രധാന ചടങ്ങുകൾ നടക്കുക. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോധ്യയില്‍ അമൃത് മഹോത്സവ് ആചരിക്കും. മഹായജ്ഞവും നടത്തും.
ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ, ചലച്ചിത്ര സംവിധായകൻ മധുര് ഭണ്ഡാർക്കർ, വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, ചിത്രകാരൻ വാസുദേവ് കാമത്ത്, ഐ.എസ്.ആർ.ഒ ഡയറക്ടർ നിലേഷ് ദേശായി തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശങ്കരാചാര്യ മഠങ്ങളിലെ 150 സന്യാസിമാരും നാലായിരത്തോളം മറ്റു സന്ന്യാസിമാരും 2,200 ക്ഷണിക്കപ്പെട്ട അതിഥികളുമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.