കോഴിക്കോട്: അയോധ്യയിലെ(Ayodhya)രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി(Panakkad Sadhikkali Thangal) തങ്ങളുടെ പ്രസംഗം വിവാദത്തിൽ. അയോധ്യയിലെ രാമക്ഷേത്രവും തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്‌ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. ജനുവരി 24ന് മഞ്ചേരിക്കടുത്ത് പുൽപറ്റയിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും സെൻസിറ്റീവായ മുസ്ലിങ്ങൾ കേരളത്തിലാണെന്നും പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ ഐഎൻഎല്ലും സാമൂഹ്യ മാധ്യമങ്ങളിലെ വിമര്‍ശകരുമാണ് രംഗത്ത് വന്നിരിക്കുന്നത്.
ആര്‍എസ്എസിന്റെ(RSS) രാഷ്ട്രീയ ഹിന്ദുത്വമല്ല, ഹൈന്ദവ വിശ്വാസികളുടെ ആത്മീയ ഹിന്ദു മതമെന്ന് ഐഎൻഎൽ വര്‍ക്കിംഗ് പ്രസിഡന്റ് എൻകെ അബ്ദുൾ അസീസ് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ രാമരാജ്യം ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യമല്ല. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതറിയാത്തവരല്ല കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. എന്നിട്ടും അണികളെ മണ്ടന്മാരാക്കുന്നത് എന്തിനാണെന്നും സാദിഖലി തങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നുവെന്ന് സാദിഖലി തങ്ങൾ പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതിൽ നിന്ന് പുറകോട്ട് പോകാനാവില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉള്ള നിര്‍മ്മിതിയാണ് രാമക്ഷേത്രം. അങ്ങിനെ തന്നെയാണ് ബബരി മസ്ജിദും. രണ്ടും ഇന്ത്യയുടെ ഭാഗമാണ്. മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. അത് കര്‍സേവകര്‍ നടത്തുന്നതാണ്. തകര്‍ത്തതും അവരാണെന്ന് നമുക്കറിയാം. അതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധം ഉണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാനും നമുക്ക് സാധിച്ചുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.