ഡൽഹിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

“കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ ജിയുടെ വസതിയിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്ത്യൻ സമൂഹത്തിലെ പ്രമുഖരുമായി ആശയവിനിമയം നടത്തി.” ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു .

കേന്ദ്രമന്ത്രിയുടെ വസതിയിലേക്ക് എത്തിയ പ്രധാനമന്ത്രിയെ ജോർജ് കുര്യനും കുടുംബവും പൂക്കൾ നൽകിയാണ് സ്വീകരിച്ചത് .പരിപാടിയിൽ വീട്ടിലൊരുക്കിയ വർണാഭമായ പുൽക്കൂടിന് മുന്നിൽ പ്രധാനമന്ത്രി മോദി മെഴുകുതിരികൾ തെളിയിച്ചു.

ലോകമെമ്പാടും ഒത്തുചേരലിൻ്റെയും പ്രതിഫലനത്തിൻ്റെയും ദിവസമായാണ് ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നത്. കുടുംബങ്ങൾ ഒത്തുചേരുകയും സമ്മാനങ്ങൾ കൈമാറുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. തലമുറകളായി കൈമാറിവരുന്ന പാരമ്പര്യങ്ങളുമായി ഈ അവസരത്തെ അടയാളപ്പെടുത്തുന്നു. വിശ്വാസി സമൂഹം പ്രാർത്ഥനകൾക്കായി ദേവാലയങ്ങളിൽ ഒത്തുകൂടുകയും ചെയ്യും. പലരും പ്രിയപ്പെട്ടവരെ സന്ദർശിക്കുന്നതിനോ പ്രാദേശിക പരിപാടികളിൽ പങ്കെടുക്കുന്നതിനോ കുടുംബ വീട്ടിലും നാട്ടിലുമാണ് ചെലവഴിക്കുക.

യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ടാണ് വർഷം തോറും ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നത്.
