ന്യൂഡൽഹി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയും ഒമാൻ സുൽത്താനും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാകുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തി. രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ക്ഷണം സ്വീകരിച്ചാണ് ത്രിദിന സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്.
‘ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം ദൃഢമാകാൻ കൂടിക്കാഴ്ച വഴിയൊരുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധവും ദൃഢമാകുന്നതിന്റെ ചർച്ചകൾക്ക് ഹൈദരാബാദ് ഹൗസ് വേദിയായി.’ – കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി എക്‌സിൽ കുറിച്ചു