ഷൊർണൂരിൽ ഇനി ട്രെയിനുകൾ കാത്തു കിടക്കണ്ട: 367 കോടിയുടെ പദ്ധതികൾക്ക് അനുമതി

Written by Taniniram1

Published on:

കൊച്ചി: ഷൊർണൂരിൽ ഇനി ട്രെയിനുകൾ ട്രാക്കിൽ കാത്തുകിടക്കണ്ട. വികസന പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. ഭാരതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം, പാത ഇരട്ടിപ്പിക്കൽ തുടങ്ങിയ പദ്ധതികൾക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകി. 367 കോടി രൂപ ചെലവ് വരുന്ന പദ്ധതികൾക്കാണ് ഇന്ത്യൻ റെയിൽവേയുടെ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാക്കാൻ കഴിയും.

ഷൊർണൂരിൽ നിന്ന് വള്ളത്തോൾ നഗറിലേക്ക് ഇരട്ടപ്പാത ഉൾപ്പെടുന്ന വികസന പദ്ധതിയാണ് വരാൻ പോകുന്നത്. ഇരട്ടപ്പാത യാഥാർഥ്യമാകുന്നതോടെ ഷൊർണൂർ യാർഡിലെ പരിമിതികൾമൂലം നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമാകും. നിലവിൽ ഷൊർണൂർ യാർഡിൽ മംഗളൂരു ഭാഗത്തേക്കു മാത്രമാണ് ഡബ്ളിങ് നടന്നിട്ടുള്ളത്. യാർഡിൽ ഷൊർണൂർ – പാലക്കാട്, ഷൊർണൂർ – എറണാകുളം റൂട്ടുകൾ സിംഗിൾ ലൈനാണ്. ഈ ട്രാക്കുകൾ ഇരട്ടിപ്പിക്കുന്നതോടെ ട്രെയിനുകളുടെ കാത്തുകിടപ്പ് അവസാനിക്കുകയും
ട്രെയിനുകൾ കുതിച്ചുപായുകയും ചെയ്യും. രണ്ടുവർഷം മുമ്പാണ് റെയിൽവേ വികസനം സംബന്ധിച്ച പ്രോജക്ട് റെയിൽവേ ബോർഡിന് സമർപ്പിച്ചത്. കഴിഞ്ഞവർഷം വിശദമായ പദ്ധതി റിപ്പോർട്ടും നൽകിയിരുന്നു. ഈ പദ്ധതിയ്ക്കൊടുവിൽ അംഗീകാരം
ലഭിച്ചിരിക്കുന്നത്. വികസന പ്രവർത്തനത്തിന് റെയിൽവേയുടെ സ്ഥലംകൂടാതെ എത്ര സ്ഥലം വേണ്ടിവരുമെന്ന് വരും ദിവസങ്ങളിലെ പരിശോധനയിൽ വ്യക്തത വരും. സംസ്ഥാനത്തെ റെയിൽവേ വികസന പദ്ധതികൾ വേഗത്തിലാക്കണമെന്ന ആവശ്യം ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിങ് വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ഉയർന്നിരുന്നു.

Leave a Comment