ഓഗര്‍ മെഷീന്‍ ശരിയായി പ്രവര്‍ത്തിച്ചാല്‍ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെയും രക്ഷപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉത്തരകാശിയിലെ തുരങ്കത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുക എന്നതിനാണ് മുന്‍ഗണന. അതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അവര്‍ സുരക്ഷിതരാണ്. അവരുടെ മനോവീര്യം ഉയര്‍ന്നതാണ്. അവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി ഒരു വലിയ പൈപ്പ് സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്നതിന് റോബോട്ടുകളെ ഉപയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്. ഹിമാലയന്‍ മേഖലയിലെ പാറകളുടെ സ്വഭാവം കാരണം രക്ഷാപ്രവര്‍ത്തകര്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്ക് നല്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും സംസ്ഥാന സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഗഡ്കരിക്കൊപ്പമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ ഏജന്‍സികളിലെ ഉദ്യോഗസ്ഥരുടെ യോഗവും അദ്ദേഹം വിളിച്ചു ചേര്‍ത്തു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ബന്ധുക്കളെ സന്ദര്‍ശിച്ച മന്ത്രി അവരുടെ പ്രിയപ്പെട്ടവരെ ഉടന്‍ രക്ഷിക്കുമെന്നും ഉറപ്പു നല്കി.