കോടികളുടെ ലഹിമരുന്ന് കടത്തിയ സംഘത്തിന്റെ തലവന്‍ അറസ്റ്റില്‍. ഡിഎംകെ (DMK) മുന്‍ നേതാവും സിനിമാ നിര്‍മ്മാതാവുമായ ജാഫര്‍ സാദിഖ് (Jaffer Sadiq)ആണ് അറസ്റ്റിലായിത്. ഇയാളെ എന്‍സിബിയാണ് (NCB) അറസ്റ്റ് ചെയ്തത്. രാജസ്ഥാനില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ജാഫറിന്റെ അറസ്‌റ്റോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ (K Annamalai) ഭരണകക്ഷിയായ ഡിഎംകെക്കെതിരെ ആഞ്ഞടിച്ചു. തമിഴ്‌നാട് ഇന്ത്യയുടെ മയക്കുമരുന്ന് തലസ്ഥാനമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഓസ്‌ട്രേലിയ, മലേഷ്യ, ന്യൂസിലന്‍ഡ് എന്നിവടങ്ങളിലേക്കാണ് ജാഫറിന്റെ സംഘം ലഹരി മരുന്ന് കടത്തിയതായി എന്‍സിബി പറഞ്ഞു. 45 പാഴ്‌സലുകളിലായി ഏകദേശം 3500 കിലോഗ്രാം സ്യൂഡോഫെഡ്രിന്‍ ഓസ്‌ട്രേലിയയിലേക്ക് അയച്ചതായി എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിംഗ് പറഞ്ഞു. ഡ്രൈ ഫ്രൂട്ടിലും നാളികേരത്തിലും ഒളിപ്പിച്ചാണ് ഇവര്‍ മയക്കുമരുന്ന് വിദേശത്തേക്ക് അയച്ചത്.
ഇതുവരെ നാല് സിനിമകള്‍ നിര്‍മിച്ച സാദിഖ് ലഹരിക്കടത്തിലൂടെ ലഭിച്ച പണം രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗിനും സിനിമാ നിര്‍മ്മാണത്തിനും ഉപയോഗിച്ചു. നാല് സിനിമകളിലൊന്ന് ഈ മാസം റിലീസ് ചെയ്യും. തമിഴ് സിനിമയിലെയും രാഷ്ട്രീയത്തിലെയും പല പ്രമുഖര്‍ക്കും ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് ജാഫര്‍ മൊഴി നല്‍കിയതായും എന്‍സിബി പറഞ്ഞു.