ന്യൂഡൽഹി : കോടതി നോട്ടീസ് സ്റ്റേ ചെയ്യാത്തതിനെ തുടർന്ന് ലോക്‌സഭയിൽനിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു. 19ന് രാവിലെ 10 മണിക്ക് മഹുവ മൊയ്‌ത്രയുടെ കൈവശമുണ്ടായിരുന്ന ഹൗസ് നമ്പർ 9B ടെലിഗ്രാഫ് ലെയ്‌ൻ പൂർണ്ണമായി ഒഴിഞ്ഞതായും ഭവന നിർമാണ-നഗര കാര്യാലയ വകുപ്പിന് (ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് – ഡി.ഒ.ഇ.) കൈമാറിയതായും മോയിത്രയുടെ അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു. അധികൃതർ എത്തുന്നതിന് മുമ്പാണ് വസതി ഒഴിഞ്ഞതെന്നും ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും അഭിഭാഷകർ വ്യക്തമാക്കി. പാർലമെന്റ് അംഗം എന്ന നിലയിലാണ് ബംഗ്ലാവ് അനുവദിച്ചിരുന്നതെന്നും ആ പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട സ്ഥിതിക്ക് ഇനിയും അവിടെ തുടരാൻ മഹുവയ്ക്ക് അവകാശമില്ലെന്നുമാണ് ഡി.ഒ.ഇ. പറയുന്നത്. ജനുവരി ഏഴിന് മുമ്പ് ഔദ്യോഗിക വസതി ഒഴിയണമെന്നായിരുന്നു നോട്ടീസ്. ഇതിനെതിരെ മഹുവ മൊയ്ത്ര ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും നോട്ടീസ് അയച്ചത്. ബുധനാഴ്ചയോടെ നോട്ടീസ് കൈപ്പറ്റിയ മഹുവ തൊട്ടുപിന്നാലെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. നോട്ടീസ് സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് മഹുവ വീടൊഴിഞ്ഞത്. പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ വ്യവസായിയിൽനിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന പരാതിയെത്തുടർന്നാണ് മഹുവയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത്.
മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു

- Advertisement -