തടിയന്റവിട നസീർ ഉൾപ്പെടെ എട്ടുപേർക്കെതിരേ എൻ.ഐ.എ. കുറ്റപത്രം

Written by Taniniram1

Published on:

ബംഗളുരു : ബെംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ തടിയന്റവിട നസീർ ഉൾപ്പെടെ എട്ടുപേർക്കെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കുറ്റപത്രം സമർപ്പിച്ചു. ജുനൈദ് അഹമ്മദ്, സൽമാൻ ഖാൻ, സൈദ് സുഹൈൽ ഖാൻ, മുഹമ്മദ് ഉമർ, ശാഹിദ് തബ്രേസ്, സൈദ് മുദസിർ പാഷ, മുഹമ്മദ് ഫൈസൽ റബ്ബാനി എന്നിവരാണ് മറ്റുപ്രതികൾ. ഇതിൽ ജുനൈദിനെയും സൽമാൻഖാനെയും ഇനിയും പിടികൂടാനായിട്ടില്ല. മറ്റ് അഞ്ചുപേരെ കഴിഞ്ഞവർഷം ജൂലായ് 18-ന് ബെംഗളൂരു ആർ.ടി. നഗറിനടുത്തുള്ള ഒരു വീട്ടിൽനിന്ന് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസാണ് അറസ്റ്റുചെയ്തത്. ആയുധങ്ങളും ഗ്രനേഡ് അടക്കമുള്ള സ്‌ഫോടകവസ്തുക്കളും വാക്കി ടോക്കികളും പിടിച്ചെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് തടിയന്റവിട നസീറുമായുള്ള ബന്ധം വെളിപ്പെട്ടത്.
2008-ലെ ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയായ തടിയന്റവിട നസീർ തടവിൽക്കഴിയുന്ന ബെംഗളൂരു പരപ്പന അഗ്രഹാര ജയിൽവെച്ചാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. 2017-ൽ ഇവർ മറ്റൊരു കേസിൽ പ്രതികളായി ജയിലിലെത്തിയപ്പോൾ നസീർ ഇവരെ ഭീകരപ്രവർത്തനത്തിന് പ്രേരിപ്പിച്ചെന്ന് പോലീസ് കണ്ടെത്തി. തുടർന്നാണ് നസീറിനെ ഈ കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിന്റെ അന്വേഷണം കഴിഞ്ഞ ഒക്ടോബറിൽ എൻ.ഐ.എ. ഏറ്റെടുത്തു. ഭീകരസംഘടനയായ ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് എൻ.ഐ.എ. കുറ്റപത്രത്തിൽ ആരോപിക്കുന്നു. നസീറിനെ കോടതിയിലേക്ക് കൊണ്ടുവരുമ്പോൾ രക്ഷപ്പെടുത്താനുള്ള ചാവേർ ആക്രമണവും ബസുകൾക്ക് തീവെക്കലും ആസൂത്രണം ചെയ്തതായും എൻ.ഐ.എ. പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രത്തിലുണ്ട്.

Related News

Related News

Leave a Comment