വാരാണസി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീരാമ സ്തുതികള്‍ ആലപിച്ചും ആരതി നടത്തിയും ഇസ്ലാം മതവിശ്വാസികളായ വനിതകള്‍ .ഞായറാഴ്ച ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ലമാഹിയിലുള്ള വിശാലഭാരത സന്‍സ്ഥാനിലാണ് ഈ വനിതകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്. ശ്രീരാമനെ സ്തുതിച്ച് പാടുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുക മാത്രമല്ല ഇസ്ലാം മതത്തിന്റെ വിശാലതയും പ്രതിഫലിപ്പിക്കുന്നുവെന്ന് നസ്‌നീന്‍ അന്‍സാരി ചൂണ്ടിക്കാട്ടി.
അനീതിയുടെ അന്ധകാരം രാമനാമത്തിന്റെ വെളിച്ചത്തില്‍ അപ്രത്യക്ഷമാകുന്നു. രാമനാമം എല്ലായിടത്തും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. രാാമനില്‍ നിന്ന് അകലുന്നവര്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നു. പാലസ്തീനും ഇസ്രായേലും പരസ്പരം രക്തം ചൊരിയുകയാണ്. ഇരുകൂട്ടരും രാമന്റെ പാത പിന്തുടരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സമാധാനം ഉണ്ടാകൂ എന്നും നസ്‌നീന്‍ അന്‍സാരി പറഞ്ഞു.
‘രാമരാജ്യത്തിന്’ മാത്രമേ ലോകത്തെ സമാധാനത്തിലേക്ക് കൊണ്ടുപോകാനാകൂ. ”ഞങ്ങള്‍ ഇന്ത്യക്കാരാണ്, അതിനാല്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുകയും അതിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഞങ്ങള്‍ മുസ്ലീങ്ങളാണെങ്കിലും അറബി സംസ്‌കാരത്തെ ഒരിക്കലും അംഗീകരിക്കില്ല. മുസ്ലിങ്ങള്‍ അവരുടെ പൂര്‍വ്വികരുമായി ബന്ധം പുലര്‍ത്തിയാല്‍ മാത്രമേ അവര്‍ ബഹുമാനിക്കപ്പെടൂ-നസ്‌നീന്‍ അന്‍സാരി നിലപാട് വ്യക്തമാക്കി.