കുട്ടികളെ കാണാതായ വിവരം അറിയിക്കാൻ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഒരുക്കിയിരിക്കുന്ന ഓൺലൈൻ പോർട്ടലാണ് ‘ഖോയ പായ’. 2015ലാണ് ഇത് ആരംഭിക്കുന്നത്. കാണാതായ കുട്ടികളുടെ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തിയാൽ അതത് സംസ്ഥാനങ്ങളിലെ പോലീസിന് വിവരം ലഭിക്കും. കാണാതായെന്ന് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം കണ്ടെത്തിയ കുട്ടികളുടെ വിവരവും ഇതിൽ രേഖപ്പെടുത്താൻ സാധിക്കും. വഴിയിലും മറ്റും അനാഥരായി നടക്കുന്ന കുട്ടികളെക്കുറിച്ച് അറിയിക്കാനും ഈ പോർട്ടലിലൂടെ കഴിയും. നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ സംവിധാനം ഉപയോഗപ്രദമാണ്.
എന്നാൽ ഈ പോർട്ടലിൽ രജിസ്റ്റർ ചെയുന്നത് വഴി സമയബന്ധിതമായി നടപടി ഉണ്ടാകുമെന്ന് ഉറപ്പില്ല. രജിസ്റ്റർ ചെയ്യുന്ന കേസുകൾ പോലീസുകാർ സൈറ്റിൽ കയറി പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയു. അല്ലാതെ ഏത് പ്രദേശത്തെ കുട്ടിയെയാണ് കാണാതായതെന്ന് അവിടുത്തെ പോലീസിന് അറിയിപ്പ് ഒന്നും പോർട്ടലിലൂടെ ലഭിക്കില്ല. അതുകൊണ്ടു തന്നെ പോലീസ് വിവരമറിഞ്ഞ് എത്തുമ്പോൾ ഒരുപാട് വൈകാൻ സാധ്യതയുണ്ട്. കേരളത്തിൽ ഈ സംവിധാനം ഉപയോഗിക്കുന്നവർ തീരെ ഇല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവിടെ പോലീസ് സ്റ്റേഷനുകൾ എല്ലായിടത്തും പ്രവർത്തന സജ്ജമായതുകൊണ്ട് ആളുകൾ നേരിട്ടെത്തിയാണ് പരാതികൾ നൽകുന്നത്.
പോർട്ടലിന്റെ പ്രവർത്തനം കുറച്ചു കൂടി കാര്യക്ഷമമായാൽ ഇത്തരം സാഹചര്യങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. അമേരിക്കയിലെ ആംബർ സംവിധാനം അത്തരത്തിൽ ഒന്നാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോയാൽ പ്രദേശത്തെ ആളുകളുടെ ഫോണുകളിൽ ജാഗ്രതാ സന്ദേശം ലഭിക്കും. ദുരന്ത നിവാരണ അതോറിറ്റി ഇങ്ങനൊരു സംവിധാനം ആരംഭിച്ചിരുന്നു. ദുരന്തം നടക്കുന്ന പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകാനാണ് സംവിധാനം ഉപയോഗിക്കുന്നത്. കാണാതായവരെ കണ്ടുപിടിക്കാൻ നിലവിൽ ഇത്തരം സംവിധാനങ്ങൾ ഒന്നുമില്ല.